‘അദ്ഭുത ബാലൻ! തലമുറകളെ പ്രചോദിപ്പിക്കുന്ന തിരിച്ചുവരവ്’; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി വസീം അക്രം

മുംബൈ: രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് രാജകീയമായി തിരിച്ചുവന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുൻ പാകിസ്താൻ ഇതിഹാസം വസീം അക്രം.

ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം കളത്തിനു പുറത്തിരുന്നെങ്കിലും, താരത്തിന്‍റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിൽ താരം 52 പന്തിൽ 39 റൺസെടുത്തിരുന്നു.

പന്തിന്‍റെ അപകട വാർത്തയറിഞ്ഞപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്ത് മത്സരത്തിലേക്ക് താരം തിരിച്ചുവന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും അക്രം പറഞ്ഞു. ‘പന്തിന്‍റെ പ്രകടനം നോക്കു, ദുരന്തത്തെ അതിജീവിച്ചെത്തി താനൊരു അമാനുഷികനാണെന്ന് തെളിയിച്ചിരിക്കുന്നു. അപകട വാർത്തയറിഞ്ഞപ്പോൾ, പാകിസ്താനിൽ എല്ലാവർക്കും വലിയ ആശങ്കയായിരുന്നു, എനിക്കും വിഷമം തോന്നി, അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. അവൻ തിരിച്ചെത്തി, ഐ.പി.എല്ലിൽ 40 ആണ് ശരാശരി, 155 സ്ട്രൈക്ക് റേറ്റിൽ 446 റൺസാണ് താരം നേടിയത്, അവൻ ഒരു അദ്ഭുത ബാലനാണ്’ -അക്രം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ജെയിംസ് ആൻഡേഴ്സൺ, പാറ്റ് കമ്മിൻസ് എന്നീ ബൗളർമാർക്കെതിരെ താരത്തിന്‍റെ ബാറ്റിങ്ങും അക്രം ഓർത്തെടുത്തു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതിയും ആസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയതും ആൻഡേഴ്സൺ, കമ്മിൻസ് എന്നിവർക്കെതിരെയുള്ള റിവേഴ്സ് സ്വീപ്പും ഏറെ പ്രത്യേകതകളുള്ളതാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മത്സരത്തിലേക്ക് തിരിച്ചെത്തിയ പന്തിന്‍റെ കഥ തലമുറകൾക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്. യുവ തലമുറയെ പ്രചോദിപ്പിക്കുന്ന കഥയാണത്. പന്ത് അതിജീവിച്ച വഴിയിലൂടെ എല്ലാവർക്കും അതിജീവിക്കാനാകുമെന്നും അക്രം കൂട്ടിച്ചേർത്തു.

മുഴുവൻ സമയ വിക്കറ്റ് കീപ്പർമാരിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ധോണിയുടെ റെക്കോഡിനൊപ്പമെത്താനും പന്തിനായി. 58 ഇന്നിങ്സുകളിലാണ് പന്ത് ആറു സെഞ്ച്വറികൾ നേടിയതെങ്കിൽ, ധോണിക്ക് 144 ഇന്നിങ്സുകൾ വേണ്ടിവന്നു. 54 ഇന്നിങ്സുകളിൽ മൂന്നു സെഞ്ച്വറികൾ നേടിയ വൃദ്ധിമാൻ സാഹയാണ് ഇരുവർക്കും പിന്നിലുള്ളത്. ഒന്നാം ടെസ്റ്റിൽ 280 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Tags:    
News Summary - Wasim Akram On Rishabh Pant's 'Miracle Comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.