ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ വിജയികളെ പ്രവചിച്ച് വസീം അക്രം; വിയോജിച്ച് വഖാർ

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടുന്നത്.

അയർലൻഡിനെതിരായ ആദ്യ മത്സരം ഇന്ത്യ അനായാസം ജയിച്ചുകയറിയെങ്കിൽ, പാകിസ്തൻ ക്രിക്കറ്റിലെ ശിശുക്കളായ അമേരിക്കയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ്. പാകിസ്താൻ ടീം മോശം ഫോമിലാണെങ്കിലും ഇന്ത്യക്കെതിരെ ബാബർ അസമും സംഘവും ജയിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് മുൻ സൂപ്പർതാരം വഖാർ യൂനിസ്. എന്നാൽ, രോഹിത് ശർമക്കും ടീമിനുമാണ് കൂടുതൽ സാധ്യതയെന്ന അഭിപ്രായക്കാരനാണ് മുൻ ഇതിഹാസ താരം വസീം അക്രം.

‘എന്‍റെ ഹൃദയം പറയുന്നത് പാകിസ്താൻ ജയിക്കുമെന്നാണ്. ടൂർണമെന്‍റിൽ ഇതുവരെ കണ്ട മത്സരങ്ങൾ നോക്കുമ്പോൾ ന്യൂയോർക്കിലെ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാണ്’ -വഖാർ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 60 ശതമാനം സാധ്യത ഇന്ത്യക്കാണെന്നാണ് അക്രം പറയുന്നത്. പക്ഷേ, പാകിസ്താന്‍റെ ഒരു മികച്ച ഇന്നിങ്സോ, സ്പെല്ലോ കളി അതിവേഗം മാറ്റിമറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നമ്മൾ ഇന്ത്യയുടെ പ്രകടനം നോക്കുകയാണെങ്കിൽ, അവർ മികച്ച ടീമാണ്. ടൂർണമെന്‍റിലെ ഫേവറൈറ്റുകളാണ്. ഇന്ത്യക്ക് 60 ശതമാനവും പാകിസ്താന് 40 ശതമാനവും സാധ്യതയാണ് ഞാൻ നൽകുന്നത്. പക്ഷേ, ട്വന്‍റി20യിൽ ഒരു മികച്ച ഇന്നിങ്സോ, സ്പെല്ലോ കളി അതിവേഗം മാറ്റിമറിക്കും. ടൂർണമെന്‍റിലെ മത്സരത്തിനുവേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്’ -അക്രം പറഞ്ഞു.

ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക. പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്.

ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാകുമിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.

Tags:    
News Summary - Wasim Akram's Big Prediction For T20 World Cup Clash, Waqar Younis Disagrees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.