മെൽബൺ: ഡൗൺ അണ്ടറിൽ കഴിഞ്ഞ തവണ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കംഗാരുക്കളുടെ നാട്ടിൽ പറന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറായ 36 റൺസിന് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോൽവി പിണഞ്ഞു.
നായകൻ വിരാട് കോഹ്ലി വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിൽ പ്രവേശിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ അജിൻക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്.
വരും മത്സരങ്ങളിൽ ടീമിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി രഹാനെക്ക് മുൻ ഇന്ത്യ ഓപണറും രഞ്ജി ട്രോഫി ഇതിഹാസവുമായ വസീം ജാഫർ നൽകിയ ഉപദേശമാണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. ട്വിറ്ററിലൂടെ ജാഫർ നൽകിയ രഹസ്യ സന്ദേശം 'ഡീകോഡ്' ചെയ്തിരിക്കുകയാണ് ആരാധകർ.
16 ഇംഗ്ലീഷ് വാക്കുകൾ താഴെ താഴെ എഴുതിയായിരുന്നു വസീം ജാഫറിന്റെ സന്ദേശം. ഇത് കണ്ട് തലപുകച്ച ആരാധകർ ഒടുവിൽ ഉത്തരത്തിലെത്തി. ജാഫറിന്റെ സന്ദേശത്തിലെ ഓരോ വാക്കിന്റെയും ആദ്യാക്ഷരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പിക്ക് ഗില്‍ ആന്‍ഡ് രാഹുല്‍ (PICK GILL AND RAHUL) എന്നാണെന്നാണ് ആരാധകര്‍ കണ്ടെത്തി.
ബോക്സിങ് ഡേ ടെസ്റ്റിൽ കെ.എൽ. രാഹുലിനെയും ശുഭ്മാൻ ഗില്ലിനെയും ടീമിൽ ഉൾപെടുത്തണമെന്നാണ് ജാഫർ പറയുന്നത്. സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗില്ലിനെ പുറത്തിരുത്തിയായിരുന്നു പൃഥ്വി ഷാക്ക് അവസരം നൽകിയത്. എന്നാൽ ഷാ വൻ പരാജയമായി. രണ്ടാം ടെസ്റ്റിൽ ഷാക്ക് പകരം ഗില്ലും നായകൻ കോഹ്ലിക്ക് പകരം കെ.എൽ. രാഹുലും ടീമിലെത്തിയേക്കും.
ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജദേജയും മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വൃദ്ധിമാന്‍ സാഹക്ക് പകരം ഋഷഭ് പന്തിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.