ഗുജറാത്ത്- കൊൽക്കത്ത മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നോ സൂപർ ജയന്റ്സും തമ്മിലേത്. അവസാന പന്ത് വരെ നീണ്ട ആവേശത്തിലായിരുന്നു കളി തീരുമാനമായത്. ഇരു ടീമും ജയം മണത്ത കളിയിൽ അവസാന ഓവർ എറിഞ്ഞത് ഹർഷൽ പട്ടേൽ. ബാറ്റു ചെയ്ത ലഖ്നോക്ക് വേണ്ടത് ആറു പന്തിൽ അഞ്ചു റൺസും. ആവശ്യത്തിന് വിക്കറ്റും വേണ്ടുവോളം പന്തും കൈയിലിരിക്കെ അനായാസം ലഖ്നോ കളി ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, മാർക് വുഡ് ആദ്യം മടങ്ങിയ വഴിയെ ജയദേവ് ഉനദ്കട്ട് കൂടി തിരിച്ചുപോയതോടെ എന്തും സംഭവിക്കുമെന്നായി. ലഖ്നോക്ക് ജയിക്കാൻ അവസാന പന്തിൽ വേണ്ടത് ഒരു റൺ.
അപ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഓടിയെത്തിയ ഹർഷൽ പന്തെറിയുംമുമ്പ് നോക്കുമ്പോൾ നോൺ സ്ട്രൈക്കർ രവി ബിഷ്ണോയ് ക്രീസ് വിട്ട് നിൽക്കുന്നു. ഉടൻ സ്റ്റംപ് ചെയ്യാനുള്ള നീക്കം പാളിയ ഹർഷൽ മുന്നിൽനിന്ന് തിരികെയെറിഞ്ഞത് സ്റ്റംപിന് കൊണ്ടെങ്കിലും അംപയർ വിക്കറ്റ് അനുവദിച്ചില്ല. ബൗളിങ് ആക്ഷൻ തുടങ്ങിയതായിരുന്നു വിക്കറ്റ് അനുവദിക്കാതിരിക്കാൻ കാരണം.
ഹർഷൽ വീണ്ടുമെറിഞ്ഞ പന്ത് ദിനേശ് കാർത്തികിന്റെ കൈയിൽനിന്ന് വഴുതിയതോടെ ലഖ്നോ ആവശ്യമായ ഒരു റൺ ഓടിയെടുത്ത് ജയം പിടിക്കുകയും ചെയ്തു. ഹർഷലും വിക്കറ്റിനു പിറകിൽ ദിനേശ് കാർത്തിക്കും ചേർന്ന് ലഖ്നോയെ വിജയിപ്പിച്ചെന്ന തരത്തിൽ ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.