തിരുവനന്തപുരം: കേരളത്തിന്റെ ‘സ്വന്തം ഐ.പി.എല്ലായ’ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2.30നാണ് ലീഗിലെ ആദ്യ ട്വന്റി20 മത്സരം.
മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനാകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യം കൊമ്പുകോർക്കുന്നത്. മത്സരശേഷം ആറോടെ ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. തുടർന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. കായിക മന്ത്രി വി. അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസഡർ കീർത്തി സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.
ഈമാസം 18 വരെ നീളുന്ന ലീഗിൽ ആറ് ടീമുകളാണ് മത്സരിക്കുന്നത്. സച്ചിൻ ബേബിയുടെ ഏരീസ് കൊല്ലം സെയിലേഴ്സും രോഹൻ കുന്നുമ്മലിന്റെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സുമാണ് മറ്റ് രണ്ട് ടീമുകൾ. 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17 ന് സെമി ഫൈനൽ.18 ന് നടക്കുന്ന ഫൈനലിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. 30 ലക്ഷവും ട്രോഫിയുമാണ് ചാമ്പ്യൻമാർക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നും നാലും സ്ഥാനക്കാർക്ക് അഞ്ചു ലക്ഷം വീതവും ലഭിക്കും. സെപ്റ്റംബര്‍ രണ്ടുമുതല്‍ 18 വരെ ഉച്ചകഴിഞ്ഞ് 2.45നും വൈകീട്ട് 6.45നുമാണ് മത്സരങ്ങള്‍. പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്പോർട്സിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.