ട്വന്റി 20 ലോകകപ്പിൽനിന്ന് സൂപ്പർ എട്ടിലെത്താതെ പുറത്തായതിന് പിന്നാലെ ക്ഷമാപണവുമായി ശ്രീലങ്കയുടെ മുൻ നായകനും ടീമിലെ മുതിർന്ന അംഗങ്ങളിൽ ഒരാളുമായ എയ്ഞ്ചലോ മാത്യൂസ്. ഞങ്ങൾ രാജ്യത്തെ മുഴുവൻ നിരാശപ്പെടുത്തിയെന്ന് കരുതുന്നുവെന്നും അതിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്നും പറഞ്ഞ ഓൾറൗണ്ടർ, ഞങ്ങളും നിരാശരാണെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും കൂട്ടിച്ചേർത്തു. 2014ലെ ലോകകപ്പ് ചാമ്പ്യന്മാരാണ് ശ്രീലങ്ക.
‘ഞങ്ങൾ രാജ്യത്തെ മുഴുവൻ നിരാശപ്പെടുത്തിയെന്ന് ഞാൻ കരുതുന്നു. അതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ഞങ്ങളും നിരാശരാണ്. ഇതൊരിക്കലും പ്രതീക്ഷിച്ചതല്ല. നിരവധി വെല്ലുവിളികൾ നേരിട്ടു. രണ്ടാം റൗണ്ടിൽ എത്താത്തത് നിർഭാഗ്യകരമാണ്’ -മാത്യൂസ് പറഞ്ഞു.
ഗ്രൂപ്പ് ‘ഡി’യിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കക്ക് നേപ്പാളിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനെ തുടർന്ന് ലഭിച്ച ഒരു പോയന്റ് മാത്രമാണ് സമ്പാദ്യം. ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്കയുടെ അവസാന ഗ്രൂപ്പ് പോരാട്ടം ഞായറാഴ്ച നെതർലാൻഡ്സിനെതിരെയാണ്.
കളിച്ച നാല് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ചപ്പോൾ ബംഗ്ലാദേശും യോഗ്യതക്കരികെയാണ്. നേപ്പാളിനെതിരായ അടുത്ത മത്സരം ജയിച്ചാലും ഉപേക്ഷിച്ചാലും ബംഗ്ലാദേശിന് മുന്നേറാം. ഈ മത്സരം തോറ്റാലും രണ്ട് പോയന്റുള്ള നെതർലാൻഡ്സ് ശ്രീലങ്കയോട് തോൽക്കുകയോ വൻ മാർജിനിൽ ജയിക്കാതിരിക്കുകയോ ചെയ്താലും ബംഗ്ലാദേശിന് സൂപ്പർ എട്ടിലെത്താം. അതേസമയം, നേരിയ സാധ്യതയുള്ള നെതർലാൻഡ്സിന് ശ്രീലങ്കക്കെതിരെ വൻ മാർജിനിൽ ജയം നേടിയാൽ മാത്രമേ സൂപ്പർ എട്ടിലെത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.