രാജസ്ഥാൻ-ബംഗളൂരു മത്സരത്തിൽ മഴ കളിച്ചാൽ ക്വാളിഫയറിലേക്ക് ആര് കടക്കും?

അഹ്മദാബാദ്: ഐ.പി.എല്ലിൽ എലിമിനേറ്റർ പോരിനിറങ്ങുന്ന രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഒരുപോലെ പ്രതീക്ഷയിലാണ്. ഒരുഘട്ടത്തിൽ പോയന്‍റ് ടേബിളിൽ ഒന്നാമതുണ്ടായിരുന്ന സഞ്ജുവും സംഘവും പിന്നീടുള്ള മത്സരങ്ങളിൽ കാലിടറുന്നതാണ് കണ്ടത്. തുടർച്ചയായ നാലു തോൽവികളാണ് ടീം വഴങ്ങിയത്.

ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടീം മൂന്നാം സ്ഥാനത്തേക്ക് വീണു. മറുഭാഗത്ത് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഫാഫ് ഡുപ്ലെസിസും സംഘവുമാണ്. ആദ്യത്തെ എട്ടു മത്സരങ്ങളിൽ ഏഴെണ്ണവും തോറ്റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്നു ബംഗളൂരു. തുടർച്ചയായ ആറു ജയങ്ങളുമായാണ് ബംഗളൂരു നാലാമത് ഫിനിഷ് ചെയ്തത്. ലീഗിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്.

മേയ് മാസത്തിൽ ഒരു ജയംപോലും രാജസ്ഥാന് നേടാനായിട്ടില്ല. എന്നാൽ, ആർ.സി.ബി കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചു. അവസാന മത്സരങ്ങളിലൊന്നും രാജസ്ഥാന് മികച്ച സ്കോർ കണ്ടെത്താനാകാത്തതാണ് തിരിച്ചടിയായത്. അതേസമയം, രാജസ്ഥാൻ-ബംഗളൂരു മത്സരം മഴമൂലം ഉപേക്ഷിച്ചാൽ സഞ്ജുവിനും സംഘത്തിനും രണ്ടാം ക്വാളിഫയറിലേക്ക് കടക്കാനാകും. ബുധനാഴ്ച രാത്രി അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മഴമൂലം വൈകുകയാണെങ്കിൽ ഐ.പി.എൽ റൂൾ 13.7.3 പ്രകാരം രണ്ടു മണിക്കൂർ അധിക സമയം ലഭിക്കും. എന്നിട്ടും കളിക്കാനുള്ള സാഹചര്യമില്ലെങ്കിൽ റിസർവ് ദിനം കൂടിയുണ്ട്.

കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ പ്ലേ ഓഫ് മത്സരങ്ങൾക്കും റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. റിസർവ് ദിനമായ വ്യാഴാഴ്ച മത്സരം നടത്തും. അന്നും മഴമൂലം സൂപ്പർ ഓവർപോലും എറിയാൻ കഴിഞ്ഞില്ലെങ്കിൽ ലീഗ് റൗണ്ടിൽ കൂടുതൽ പോയന്‍റ് നേടിയ ടീം ക്വാളിഫയറിലേക്ക് കടക്കും. അങ്ങനെയെങ്കിൽ രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ മൂന്നാമതാണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. മേയ് 26ന് നടക്കുന്ന ഫൈനൽ മത്സരത്തിലും റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Who Goes Through If IPL 2024 Eliminator Gets Washed Out Due To Rain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.