കൊളംബോ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഏഷ്യാ കപ്പിൽ എട്ടാം കിരീടം ചൂടിയപ്പോൾ ആരാധകർക്ക് ഓർത്തുവെക്കാനുള്ള നിമിഷങ്ങളേറെയായിരുന്നു. മുഹമ്മദ് സിറാജിന്റെ മാസ്മരിക ബൗളിങ്ങും ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനവും ഓപണർമാരുടെ പിഴവില്ലാത്ത ബാറ്റിങ്ങുമെല്ലാം ഇന്ത്യക്ക് അനായാസ ജയമൊരുക്കി. വിജയലക്ഷ്യമായ 51 റൺസ് ഇന്ത്യ അടിച്ചെടുത്തത് വെറും 37 പന്തുകളിലായിരുന്നു.
ഇന്ത്യ വിജയികളായ ശേഷം കപ്പുയർത്തുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. കളിക്കാരനോ പരിശീലകനോ അല്ലാത്ത ഒരാൾ ഇന്ത്യൻ താരങ്ങൾക്ക് നടുവിൽനിന്ന് കപ്പുയർത്തുന്നതാണ് ചിത്രത്തിൽ. ഇദ്ദേഹം ആരാണെന്ന ചോദ്യമാണ് ആരാധകർ ഉയർത്തിയത്. കളിക്കാരനല്ലെങ്കിലും ഇന്ത്യൻ സംഘത്തിലെ പ്രധാനിയാണ് ഇദ്ദേഹമെന്ന് വെളിപ്പെട്ടിരിക്കുകയാണ്. രഘു രാഘവേന്ദ്ര എന്നാണ് പേര്. നെറ്റ്സിൽ ഇന്ത്യൻ താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നവരിൽ ഒരാൾ. മറ്റു രണ്ടുപേർ കൂടി നെറ്റ്സിൽ പന്തെറിയാനെത്തുന്നുണ്ട്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്നാണ് രാഘവേന്ദ്ര ബി.സി.സി.ഐയുടെ ഭാഗമാകുന്നത്. സച്ചിൻ തെണ്ടുൽകർ, എം.എസ് ധോണി തുടങ്ങിയവർക്കെല്ലാം ഇദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.
വിജയത്തിൽ നെറ്റ്സിൽ പരിശീലനത്തിന് പന്തെറിയുന്നവർക്ക് നിർണായക പങ്കുണ്ടെന്നാണ് വിരാട് കോഹ്‍ലി പറയുന്നത്. ഞങ്ങളുടെ വിജയത്തിൽ അവരുടെ കഠിനാധ്വാനം കൂടിയുണ്ടെന്നും അവരെ ഓർക്കേണ്ടതുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.