തോമസ് ഡ്രാക്ക

ഐ.പി.എൽ ലേലത്തിന് ആദ്യമായി ഇറ്റാലിയൻ താരം; ആരാണ് തോമസ് ഡ്രാക്ക?

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയതികളിലായി ജിദ്ദയില്‍ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 1,165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 1,574 പേരാണ് ഇത്തവണത്തെ മെഗാലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശ താരങ്ങളുടെ പട്ടികയിൽ ചരിത്രത്തിലാദ്യമായി ഇറ്റാലിയിൽ നിന്നുള്ള ഒരു താരവുമുണ്ട്. 24കാരനായ തോമസ് ജാക്ക് ഡ്രാക്കയാണ് താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇറ്റാലിയന്‍ താരമായി മാറിയത്.

ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡ്രാക്ക രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി ഫുട്‌ബോളിന് മുന്‍ഗണന നല്‍കുന്ന ഇറ്റലിയിൽ ക്രിക്കറ്റ് വലിയ പ്രാധാന്യമുള്ള കായിക ഇനമല്ല. അത്തരമൊരു രാജ്യത്തുനിന്നും ഐ.പി.എല്‍ പോലൊരു ക്രിക്കറ്റ് മാമാങ്കത്തിന് രജിസ്റ്റര്‍ ചെയ്തതിലൂടെ ഡ്രാക്ക ഇറ്റാലിയന്‍ ക്രിക്കറ്റില്‍ പുതുതരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വലംകൈയൻ മീഡിയം പേസറായ ഡ്രാക്ക, ഇക്കഴിഞ്ഞ ജൂണിൽ ലക്സംബർഗിനെതിരായ മത്സരത്തിലാണ് ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നാല് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് താരം വീഴ്ത്തി.

രാജ്യാന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല ഡ്രാക്കയുടെ അനുഭവ സമ്പത്ത്. ഫ്രാഞ്ചൈസി ലീഗായ ഐ.എല്‍ടി20യില്‍ മികച്ച പ്രകടനമാണ് വലംകൈയന്‍ പേസര്‍ കാഴ്ചവെച്ചിട്ടുള്ളത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള എം.ഐ എമിറേറ്റ്സ് ടീമിന് വേണ്ടിയാണ് ഐ.എല്‍ടി20യില്‍ ഡ്രാക്ക കളിച്ചത്. കൂടാതെ, ഗ്ലോബല്‍ ടി20 കാനഡയില്‍ ബ്രാംപ്ടണ്‍ വോള്‍വ്സിനൊപ്പം താരം കളത്തിലിറങ്ങിയിട്ടുണ്ട്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ കണ്ണ് ഡ്രാക്കക്കുമേൽ പതിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 409 വിദേശ താരങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 91 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ലേലത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ഓസ്‌ട്രേലിയ- 76, ഇംഗ്ലണ്ട്- 52, ന്യൂസീലാന്‍ഡ്- 39, വെസ്റ്റിന്‍ഡീസ്- 33, ശ്രീലങ്ക- 29, അഫ്ഗാനിസ്ഥാന്‍- 29, ബംഗ്ലാദേശ്- 13, നെതര്‍ലന്‍ഡ്‌സ്- 12 എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. ഇറ്റലി, യു.എ.ഇ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 42കാരനായ ഇംഗ്ലണ്ട് മുൻ താരം ജെയിംസ് ആൻഡേഴ്സൻ ലേലത്തിനായി രജിസ്റ്റർ ചെയ്തതും ശ്രദ്ധേയമാണ്.

News Summary - Who is Thomas Draca? the first Italian player to register for IPL auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.