ചെന്നൈ: മുംബൈ ഇന്ത്യൻസിനോട് കൂടി തോറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച മൂന്നിലും തോറ്റ് നിൽക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച ഹൈദരാബാദ് ടീമിന്‍റെ മോശം ടീം സെലക്ഷനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമേന്ററ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
151 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് ഓപണർമാരായ ഡേവിഡ് വാർണറും (32) ജോണി ബെയർസ്റ്റോയും (42) മികച്ച തുടക്കമിട്ടിരുന്നു. എട്ടോവറിൽ ഒന്നിന് 67 റൺസെന്ന ശക്തമായ നിലയിൽ നിന്ന് അടുത്ത 70 റൺസിനിടെ ഒമ്പത് വിക്കറ്റ് കളഞ്ഞാണ് ഹൈദരാബാദ് തോൽവി കൈനീട്ടി വാങ്ങിയത്.
വിരാട് സിങ്, അബ്ദുൽ സമദ്, അഭിഷേക് ശർമ എന്നിവരെ പ്ലെയിങ് ഇലവനിൽ ഒരുമിച്ച് ഉൾപെടുത്തിയ ടീം ജയം അർഹിക്കുന്നില്ലെന്നായിരുന്നു ട്വിറ്ററിലൂടെ മഞ്ജരേക്കർ പ്രതികരിച്ചത്.
മുംബൈക്കെതിരായ മത്സരത്തിൽ നാലുമാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങിയത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ടീം ശ്രദ്ധിച്ചത്. എന്നാൽ ഇവരിൽ ഒരാൾക്കും തിളങ്ങാൻ സാധിച്ചില്ല.
ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് 10 റൺസിന് പരാജയപ്പെട്ട ഹൈദരാബാദ് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്ബാംഗ്ലൂരിനോട് ആറ് റൺസിന് തോൽക്കുകയായിരുന്നു. ബുധനാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം. മറ്റ് ഏഴു ടീമുകളും ഓരോ ജയമെങ്കിലും കുറിച്ച് അക്കൗണ്ട് തുറന്നെങ്കിലും പോയിന്‍റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഹൈദരാബാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.