കൊളംബോ: ഏഷ്യാ കപ്പിന്‍റെ കലാശപ്പോരിൽ ഞായറാഴ്ച ഇന്ത്യക്ക് എതിരാളികൾ ആതിഥേയരായ ശ്രീലങ്കയാണ്. കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ലങ്കൻ താരങ്ങൾ കളത്തിലിറങ്ങുന്നത്. എന്നാൽ, ലോകകപ്പിന് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് ഒരു കിരീടം വലിയ ആത്മവിശ്വാസം നൽകും.
അതുകൊണ്ടുതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും രോഹിത്തും സംഘവും ആഗ്രഹിക്കുന്നില്ല. ത്രില്ലർ പോരാട്ടം കാത്തിരിക്കുന്ന ആരാധകർക്ക് അത്ര ശുഭകരമല്ല കാര്യങ്ങൾ. ഏഷ്യാ കപ്പിലെ ഭൂരിഭാഗം മത്സരങ്ങളിലും ആവേശം ചോര്‍ത്തിയ മഴ, ഫൈനലിലും വില്ലനാകാനുള്ള സാധ്യത കൂടുതലാണ്.
മത്സരം നടക്കുന്ന കോളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച പകൽ മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമാണ്. രാത്രിയിൽ 70 ശതമാനവും. കനത്ത കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയാകും. എന്നാൽ, ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴമൂലം മത്സരം തടസ്സപ്പെട്ടാൽ തിങ്കളാഴ്ച നിര്‍ത്തിയ ഇടത്തു നിന്ന് കളി പുനരാരാംഭിക്കും. റിസര്‍വ് ദിനത്തിലും മഴ ഭീഷണി ഒഴിയുന്നില്ല. റിസര്‍വ് ദിനത്തിലും ഇരു ടീമുകൾക്കും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇന്ത്യയെയും ശ്രീലങ്കയെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. നേരത്തെ, സൂപ്പർ ഫോറിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മാത്രം റിസർവ് ദിനം അനുവദിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സൂപ്പര്‍ ഫോറില്‍ അവസാന പന്ത് വരെ നീണ്ട സസ്പെൻസ് പോരാട്ടത്തില്‍ പാകിസ്താനെ വീഴ്ത്തിയാണ് ശ്രീലങ്ക ഫൈനലിലെത്തിയത്. അതേസമയം, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഏഷ്യ കപ്പിൽ ഇന്ത്യ ഏഴു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.