ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2024 സീസണിൽ പഞ്ചാബ് കിങ്സ് പുതിയ ജഴ്സിയുമായാണ് കളിക്കാനിറങ്ങുന്നത്. ബോളിവുഡ് നടി പ്രീതി സിന്‍റ സഹ ഉടമയായ പഞ്ചാബ് ടീമിന്‍റെ പുതിയ ജഴ്സി ചണ്ഡീഗഢിൽ നടന്ന പരിപാടിയിൽ പുറത്തിറക്കി.
നായകൻ ശിഖർ ധവാനും പ്രീതിയും ചേർന്നാണ് ജഴ്സി പുറത്തിറക്കിയത്. ചുവപ്പും നീലയും ചേർന്നതാണ് ടീമിന്‍റെ പുതിയ ജഴ്സി. ചുവപ്പും ചാരവും നിറത്തിലുള്ള ജഴ്സിയാണ് ടീം നേരത്തെ ധരിച്ചിരുന്നത്. ചടങ്ങിനിടെയാണ് ജഴ്സിയിൽ വെള്ളയും ചാരവും സിൽവറും നിറങ്ങൾ ബി.സി.സി.ഐ വിലക്കിയതിനുള്ള കാരണം പ്രീതി വെളിപ്പെടുത്തിയത്. ടൂർണമെന്‍റിൽ വൈറ്റ് ക്രിക്കറ്റ് ബാൾ ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ബി.സി.സി.ഐ വിലക്കിയതെന്ന് അവർ വ്യക്തമാക്കി.
‘ടീമിന്‍റെ നട്ടെല്ലായ വിശ്വസ്തരായ ആരാധകർക്ക് മുന്നിൽ പുതിയ ജഴ്സി പുറത്തിറക്കുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. പുതിയ നിറങ്ങൾ പഞ്ചാബിന്‍റെ വികാരങ്ങളെയും സ്പന്ദനങ്ങളെയും അത് പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നതാണ്. ആരാധകർക്കായി പുതിയ സ്റ്റേഡിയത്തിൽ അവിസ്മരണീയമായ ചില ഓർമകൾ സമ്മാനിക്കും’ -പ്രീതി പറഞ്ഞു.
ഈമാസം 22ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.