പാകിസ്താനെതിരായ വിജയം: ഇന്ത്യ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകൾ

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിലെ ആവേശകരമായ വിജയത്തിനൊപ്പം ഇന്ത്യക്ക് സ്വന്തമായത് നിരവധി റെക്കോഡുകൾ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്‍ലിയുടെ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിൽ അവസാന പന്തിലാണ് ഇന്ത്യ അയൽക്കാരിൽനിന്ന് വിജയം പിടിച്ചെടുത്തത്. സമീപകാലത്ത് നടന്ന ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് ഇന്ത്യ-പാക് മത്സരം വിലയിരുത്തപ്പെടുന്നത്. വിജയത്തിനൊപ്പം നിരവധി റെക്കോഡുകളും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്.

ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോഡ് ഇതോടെ ഇന്ത്യക്ക് സ്വന്തമായി. അന്താരാഷ്ട്ര മത്സരങ്ങളിൽ 2022ലെ ഇന്ത്യയുടെ 39ാം വിജയമായിരുന്നു പാകിസ്താനെതിരെ നേടിയത്. 2003ൽ ആസ്ട്രേലിയ നേടിയ 38 വിജയമാണ് ഇതോടെ റെക്കോഡ് ബുക്കിൽനിന്ന് മാഞ്ഞത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി 56 മത്സരങ്ങളാണ് ഇന്ത്യ ഈ വർഷം കളിച്ചത്. 16 മത്സരങ്ങളിൽ പരാജയം രുചിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു.

ഐ.സി.സി ടൂർണമെന്റുകളിൽ അവസാന പന്തിൽ ജയം പിടിച്ചെടുക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ഒരു പന്തിൽ ഒരു റൺസ് ആവശ്യമായിരിക്കെ രവിചന്ദ്ര അശ്വിൻ അവസാന പന്ത് മിഡ് ഓഫിലൂടെ ബൗണ്ടറി നേടുകയായിരുന്നു. ട്വന്റി 20യിൽ അവസാന പന്തിൽ വിജയം നേടുന്ന ഇന്ത്യയുടെ നാലാമത്തെ മത്സരം കൂടിയാണിത്.

റൺ ചേസിങ്ങിനിടെ അവസാന മൂന്ന് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്ത ടീമെന്ന റെക്കോഡ് ആസ്ട്രേലിയക്കൊപ്പം പങ്കിടാനും വിജയത്തിലൂടെ സാധിച്ചു. അവസാന മൂന്ന് ഓവറിൽ 48 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 2010ലെ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ആസ്ട്രേലിയ അവസാന മൂന്നോവറിൽ 48 റൺസ് അടിച്ചെടുത്താണ് വിജയം പിടിച്ചെടുത്തിരുന്നത്.  

Tags:    
News Summary - Win against Pakistan: India owns many records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.