സ്​പോൺസർ ചെയ്യാൻ ആളില്ല; ധോണിയുടെ പേര് ബാറ്റിൽ എഴുതിവച്ച് വെടിക്കെട്ട് പ്രകടനം നടത്തി വനിതാ താരം

സ്​പോൺസർ ചെയ്യാൻ ആളില്ലാത്തതിനാൽ ബാറ്റിൽ തന്റെ ഇഷ്ടതാരത്തിന്റെ പേരെഴുതിവച്ച് വെടിക്കെട്ട് പ്രകടനം നടത്തി വനിതാ പ്രീമിയർ ലീഗ് താരം. യു.പി വാരിയേഴ്സിന്റെ കിരൺ നവ്ഗിരെയാണ് ബാറ്റിൽ എം.എസ്.ഡി 07 എന്ന് എഴുതിവച്ച് റൺസ് അടിച്ചുകൂട്ടിയത്. ഗുജറാത്ത് ജയന്റ്‌സിനെതിരെ മത്സരിച്ച യു.പി വാരിയേഴ്‌സ് കിരണിന്റെ പ്രകടന മികവിൽ വിജയിക്കുകയും ചെയ്തു.

മത്സരത്തിൽ 43 പന്തിൽ 53 റൺസ് നേടിയ കിരൺ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി. ഇവരുടെ ബാറ്റിങ്ങിനൊപ്പം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ബാറ്റിലെ ആ എഴുത്തായിരുന്നു. സ്പോൺസറുടെ ലോഗോയ്ക്ക് പകരം കിരൺ നവഗിരെ തന്റെ ബാറ്റിൽ എം.എസ്.ഡി 07 എന്ന് എഴുതിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വലിയ ആരാധികയായ കിരൺ അദ്ദേഹത്തിന്റെ പേരാണ് തന്റെ ബാറ്റിൽ എഴുതിയത്. ധോണിയെ ഓർമ്മിപ്പിച്ച് കൂറ്റൻ സിക്സറുകൾ പറത്താനും കിരണിനായി.

ആവേശം അവസാന ഓവര്‍ വരെ

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച വനിതാ പ്രീമിയർ ലീഗ് ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തിലാണ് യു.പി വാരിയേഴ്‌സ് മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. ഗുജറാത്ത് ജയന്റ്‌സിനെതിരേ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മത്സരം പിന്നീട് തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ യു.പി സ്വന്തമാക്കുകയായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യു.പി മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 19 റണ്‍സ് അഞ്ച് പന്തില്‍ നിന്നുതന്നെ യു.പി നേടി.

ഒരു ഘട്ടത്തില്‍ ഏഴിന് 105 റണ്‍സെന്ന നിലയില്‍ തകര്‍ന്ന യു.പിയെ എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഗ്രേസ് ഹാരിസ് - സോഫി എക്ലെസ്റ്റോണ്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന ഗ്രേസാണ് യു.പിയുടെ ടോപ് സ്‌കോറര്‍. സോഫി എക്ലെസ്റ്റോണ്‍ 12 പന്തില്‍ നിന്ന് 22 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിം ഗാര്‍ത്തിന്റെ പ്രകടനമാണ് യു.പി മുന്‍നിരയെ തകര്‍ത്തത്. ക്യാപ്റ്റന്‍ അലിസ ഹീലി (7), ശ്വേത സെഹ്‌രാവത് (5), തഹ്‌ലിയ മഗ്രാത്ത് (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ പതറിയ യു.പി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത് അര്‍ധ സെഞ്ചുറി നേടിയ കിരണ്‍ നവ്ഗിരെയുടെ പ്രകടനമാണ്. 43 പന്തില്‍ നിന്ന് താരം രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 53 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയെ (11) കൂട്ടുപിടിച്ച് കിരണ്‍ കൂട്ടിച്ചേര്‍ത്ത 66 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

Tags:    
News Summary - WPL 2023: With No Sponsors, Kiran Navgire Writes 'MSD 07' on her Bat, Smashes Fifty vs GG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.