ലണ്ടൻ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ ഒന്നാം ദിനം ആസ്ട്രേലിയക്ക് സ്വന്തം. ടോസ് നേടിയ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തപ്പോൾ ഓപണർ ഉസ്മാൻ ഖ്വാജയെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഓസീസ് പതുക്കെ കരകയറുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും സ്റ്റീവൻ സ്മിത്തിന്റെ പ്രകടനവുമാണ് ഇന്നലത്തെ സവിശേഷതകൾ. സ്റ്റംപെടുക്കുമ്പോൾ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 327 റൺസെന്ന ശക്തമായ നിലയിലാണ്. 146 റൺസുമായി ഹെഡും 95 റൺസെടുത്ത് സ്മിത്തും ക്രീസിലുണ്ട്. മൂന്നിന് 76ലേക്ക് ടീം തകരവെയാണ് നാലാം വിക്കറ്റിൽ ഇവർ ഒരുമിച്ചത്.
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് മത്സരം തുടങ്ങും മുമ്പ് ഇരു ടീമും ആദരാഞ്ജലികളർപ്പിച്ചു. നാലു പേസർമാരെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ ശാർദുൽ ഠാകുറെത്തുകയും ആർ. അശ്വിൻ പുറത്താവുകയും ചെയ്തു. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് നൽകിയത് കെ.എസ്. ഭരതിന്. നാലാം ഓവറിലാണ് സിറാജ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിക്കുന്നത്. 10 പന്തിൽ റണ്ണൊന്നുമെടുക്കാതെ നിന്ന ഖ്വാജയെ ഭരത് പിടിച്ചു. സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രം. ഓപണർ ഡേവിഡ് വാർണറും മാർനസ് ലബൂഷെയ്നും രക്ഷാപ്രവർത്തനം തുടങ്ങി. വാർണർ ഇടക്കൊന്ന് വേഗം കൂട്ടിയപ്പോൾ സ്കോർ ഉയർന്നു. 22ാം ഓവറിൽ ഭരതിന്റെതന്നെ ഗ്ലൗസിലൊതുങ്ങാനായിരുന്നു ഓപണറുടെ വിധി. 60 പന്തിൽ 43 റൺസെടുത്ത് വാർണർ ശാർദുലിന് വിക്കറ്റ് നൽകി മടങ്ങി. 71ൽ രണ്ടാം വിക്കറ്റ് വീണ് അധികം കഴിയുംമുമ്പേ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
കളി പുനരാരംഭിച്ചതിനു പിന്നാലെ ആസ്ട്രേലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ലബൂഷെയ്നെ (26) മുഹമ്മദ് ഷമി ബൗൾഡാക്കുമ്പോൾ സ്കോർ 76. ഇത് ഇന്ത്യൻ ക്യാമ്പിൽ വലിയ ആഹ്ലാദം നൽകിയെങ്കിലും സ്മിത്തും ഹെഡും ചേർന്ന് എതിരാളികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. സ്മിത്ത് പ്രതിരോധത്തിലൂന്നിയപ്പോൾ ഹെഡ് ഏകദിനശൈലിയിൽ ബാറ്റുവീശി. 60 പന്തിൽ ഹെഡിന്റെ അർധശതകം പിറന്നു.
ചായക്കു പിരിയുമ്പോൾ ഓസീസ് മൂന്നിന് 170. സഖ്യം തകർക്കാൻ ഇന്ത്യൻ ബൗളർമാർ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാര്യമുണ്ടായില്ല. ഇതിനിടെ സ്കോർ 200 കടന്നു. നേരിട്ട 106ാം പന്തിൽ ഹെഡിന്റെ ആറാം ടെസ്റ്റ് ശതകം പിറന്നു. 14 ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അവസാന സെഷനിലും ഹെഡും സ്മിത്തും ഇന്ത്യൻ ബൗളർമാർക്ക് അവസരം നൽകാതെ സ്കോർ ഉയർത്തി. ടീമിനെ 300ഉം കടത്തി ഇരുവരും മുന്നേറി. നാലാം വിക്കറ്റിൽ 244 റൺസാണ് ചേർത്തത്. സ്മിത്ത് സെഞ്ച്വറിക്കും ഹെഡ് 150നും അരികിൽ നിൽക്കെ സ്റ്റംപെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.