ലണ്ടൻ: ഇന്ത്യക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടത്തിനുമിടയിൽ 280 റൺസ് ദൂരം. ഒരുദിവസം ഏഴു വിക്കറ്റും കൈയിലിരിക്കെ വിജയലക്ഷ്യമായ 444 റൺസെടുക്കാൻ കഴിഞ്ഞാൽ ലോക കിരീടവുമായി രോഹിത് ശർമക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. അല്ലെങ്കിൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്ട്രേലിയ ജേതാക്കളാവും. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിന് 164 റൺസെന്ന നിലയിലാണ്. വിരാട് കോഹ് ലിയും (44) അജിൻക്യ രഹാനെയും (20) ക്രീസിലുണ്ട്.
ശുഭ്മൻ ഗിൽ (18), രോഹിത് ശർമ (43), ചേതേശ്വർ പുജാര (27) എന്നിവർ പവിലിയനിൽ തിരിച്ചെത്തിക്കഴിഞ്ഞു. നേരത്തേ, ഓസീസ് രണ്ടാം ഇന്നിങ്സ് എട്ടിന് 270ൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സ്കോർ ചുരുക്കത്തിൽ- ആസ്ട്രേലിയ 469, 270/8 ഡിക്ല., ഇന്ത്യ 296, 164/3. 444 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ഏകദിന ശൈലിയിലാണ് ഇന്ത്യൻ ഓപണർമാരായ രോഹിതും ഗില്ലും തുടങ്ങിയത്. പാറ്റ് കമ്മിൻസ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ രോഹിത് ബൗണ്ടറി കടത്തി.
മൂന്നാം ഓവറിൽ കമ്മിൻസിനെ മൂന്നുതവണ ഓപണർമാർ ഇരുവരും ചേർന്ന് അതിർത്തിയിലേക്ക് പായിച്ചു. മിച്ചൽ സ്റ്റാർക്കിനെ സിക്സറിന് പറത്തി രോഹിത് കാണികളെ ത്രസിപ്പിച്ചപ്പോൾ ഏഴ് ഓവറിൽ ഇന്ത്യ 41. ഈ ആഹ്ലാദത്തിന് പക്ഷേ, അൽപായുസ്സായിരുന്നു.
സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ ഗില്ലിനെ സ്ലിപ്പിൽ, നിലത്തുതട്ടിയോയെന്ന സംശയം ജനിപ്പിച്ച ഇടംകൈയൻ ക്യാച്ചിലൂടെ കാമറൂൺ ഗ്രീൻ മടക്കി. ഇതോടെ ചായക്ക് പിരിഞ്ഞു. 41ൽ ഓപണർമാരിലൊരാളെ നഷ്ടമായെങ്കിലും രോഹിത് ശൈലി മാറ്റിയില്ല. ഇത് പുജാരക്കും പ്രചോദനമായി. 15 ഓവറിൽ ഇന്ത്യൻ സ്കോർ 76ലെത്തി.
അർധശതകത്തിലേക്ക് ബാറ്റ് വീശിയ നായകനെ പക്ഷേ നതാൻ ലിയോണിന്റെ വരവ് തിരിച്ചടിയായി. ലിയോൺ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങി. 60 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് രോഹിത് 43 റൺസ് നേടിയത്. 20ാം ഓവറിൽ രണ്ടാമത്തെ ഓപണറും മടങ്ങുമ്പോൾ സ്കോർ 92. തൊട്ടടുത്ത ഓവറിൽത്തന്നെ പുജാരയം തിരിച്ചുകയറുന്നതാണ് കണ്ടത്.
കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു. 93ൽ മൂന്നാമനെ നഷ്ടമായ ഇന്ത്യയുടെ പ്രതീക്ഷാ ഭാരമത്രയും വിരാട് കോഹ് ലിയുടെയും അജിൻക്യ രഹാനെയുടെയും ചുമലിലായി.
66 റൺസെടുത്ത് പുറത്താവാതെ നിന്ന അലക്സ് കാരിയാണ് ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ടോപ് സ്കോറർ. നാലിന് 123 റൺസ് എന്ന നിലയിലാണ് രാവിലെ ഓസീസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. മാർനസ് ലബൂഷാനും (41) കാമറൂൺ ഗ്രീനുമായിരുന്നു (7) ക്രീസിൽ. പിന്നാലെ ലബൂഷാനെ തലേന്നത്തെ അതേ സ്കോറിൽ ഉമേഷ് യാദവ് ചേതേശ്വർ പുജാരയുടെ കൈകളിലെത്തിച്ചു. 124ൽ അഞ്ചാം വിക്കറ്റ്. ഗ്രീനിന് കൂട്ടായി അലക്സ് കാരി വന്നു. ഇരുവരും പിടിച്ചുനിന്നതോടെ സ്കോർ മുന്നോട്ടുനീങ്ങി. 25 റൺസെടുത്ത ഗ്രീനിനെ ബൗൾഡാക്കി രവീന്ദ്ര ജദേജ 167ൽ ഓസീസിന്റെ ആറാം വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യക്ക് ആവേശമേകി. പകരമെത്തിയത് മിച്ചൽ സ്റ്റാർക്. കാരിയും സ്റ്റാർകും ഇന്ത്യൻ ബൗളർമാരെ കൈകാര്യം ചെയ്തതോടെ ലീഡ് കുതിച്ചു. ലഞ്ചിന് പിരിയുമ്പോൾ സ്കോർ 201ൽ എത്തിയിരുന്നു. ഏഴാം വിക്കറ്റിൽ സ്റ്റാർകും കാരിയും ചേർന്ന് ലീഡ് 400ഉം കടത്തി മുന്നോട്ടുപോയി. 41 റൺസെടുത്ത സ്റ്റാർക്കിനെ മുഹമ്മദ് ഷമി, വിരാട് കോഹ് ലിയെ ഏൽപ്പിക്കുമ്പോൾ ഓസീസ് ഏഴിന് 260. പിന്നാലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസെത്തി. 270ൽ കമ്മിൻസിനെ (5) നഷ്ടമായപ്പോൾ 443 റൺസ് ലീഡിൽ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി ജദേജ മൂന്നും ഷമിയും ഉമേഷും രണ്ട് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.