ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇനി മൂന്ന് പരമ്പരയിലെ നാല് മത്സരങ്ങളുടെ ദൂരം. ഇൻഡോറിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് ആസ്ട്രേലിയ ഇതിനകം ഫൈനലിൽ ഇടം പിടിച്ചു കഴിഞ്ഞു. അടുത്ത സ്ഥാനത്തിനായി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ‘പോരാട്ടം’. ഫൈനലിന് മുമ്പുള്ള ആദ്യ മത്സരം ബുധനാഴ്ച ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലാണ്. എന്നാൽ, ഇരു ടീമിനും ഫൈനൽ പ്രവേശനത്തിന് അവസരമില്ല. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റും അന്നുതന്നെ ആരംഭിക്കുന്ന ശ്രീലങ്ക-ന്യൂസിലാൻഡ് പരമ്പരയുമാകും ഫൈനലിലേക്കുള്ള രണ്ടാം ടിക്കറ്റ് നിർണയിക്കുക. ഇതിൽ ന്യൂസിലാൻഡിനും ഫൈനൽ പ്രവേശനത്തിന് അവസരമില്ല.
മൂന്നാം ടെസ്റ്റ് തുടങ്ങും മുമ്പ് 64.06 പോയന്റ് ശരാശരി ഉണ്ടായിരുന്ന ഇന്ത്യ ഒമ്പത് വിക്കറ്റിന് തോറ്റതോടെ പോയന്റ് ശരാശരി 60.29ലേക്ക് താഴ്ന്നു. എങ്കിലും നിലവിൽ രണ്ടാം സ്ഥനത്താണ്. മൂന്നാം ടെസ്റ്റ് ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാമായിരുന്നു. നാലാം ടെസ്റ്റ് ജയിച്ചാൽ പോയന്റ് ശരാശരി 62.5ലെത്തുകയും ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലാൻഡ് പോരാട്ടത്തെ ആശ്രയിക്കാതെ തന്നെ ഫൈനലിലെത്താനാവുകയും ചെയ്യും. എന്നാൽ, ഇന്ത്യ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്താൽ 58.79 പോയന്റ് ശരാശരിയാകും. ശ്രീലങ്ക ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളും ജയിച്ചാൽ പോയന്റ് ശരാശരി 61.11ലെത്തുകയും ശ്രീലങ്ക ഫൈനലിലെത്തുകയും ചെയ്യും.
ഇതിനകം ആസ്ട്രേലിയ 18 ടെസ്റ്റുകൾ പൂർത്തിയാക്കിയപ്പോൾ ഇന്ത്യ 17ഉം ദക്ഷിണാഫ്രിക്ക 14ഉം ശ്രീലങ്ക പത്തും ടെസ്റ്റുകളാണ് പൂർത്തിയാക്കിയത്. മത്സരങ്ങളുടെ എണ്ണം വ്യത്യാസപ്പെടുന്നതിനാൽ ശരാശരിയാണ് പരിഗണിക്കുക. ഇംഗ്ലണ്ടിൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് വീഴ്ത്തി ന്യൂസിലാൻഡ് ആയിരുന്നു ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.