ലണ്ടൻ: ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനവും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ആസ്ട്രേലിയ സ്വന്തമാക്കിയത് 443 റൺസിന്റെ കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ കംഗാരുപ്പട എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരിയാണ് (105 പന്തുകളിൽ 66*) ഓസീസ് നിരയിലെ ടോപ് സ്കോറർ. മാർനസ് ലെബുഷെയിനും മിച്ചൽ സ്റ്റാർക്കും 41 റൺസ് വീതമെടുത്തു. സ്റ്റീവൻ സ്മിത്ത് 34-ഉം കാമറൂൺ ഗ്രീൻ 25-ഉം റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജദേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ശമിയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കും മുൻപെ ഓപണർ ഡേവിഡ് വാർണറെ (1) നഷ്ടമായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് പിടിച്ചാണ് താരം പുറത്തായത്. കരുതിക്കളിച്ച ആസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖ്വാജയാണ് പിന്നീട് വീണത്. ഉമേഷ് യാദവിന്റെ പന്തിൽ ഭരത് തന്നെ ക്യാച്ചെടുത്തായിരുന്നു 13 റൺസ് സമ്പാദ്യവുമായി താരത്തിന്റെ മടക്കം. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വേട്ടക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രാവിസ് ഹെഡിനെയും (18) പുറത്താക്കി രവീന്ദ്ര ജഡേജ ഒസീസിനെ ഞെട്ടിച്ചു.
ലെബുഷെയിനെ ഉമേഷ് യാദവിന്റെ പന്തിൽ പുജാര പിടിച്ച് പുറത്താക്കി. സ്കോർ 167-ൽ നിൽക്കെ കാമറൂൺ ഗ്രീനും ജദേജയുടെ പന്തിൽ ബൗൾഡായി മടങ്ങി. എന്നാൽ, ഉച്ച ഭക്ഷണത്തിന് ശേഷം അലക്സ് കാരി, സ്റ്റാർക് കൂട്ടുകെട്ട് ഓസീസിന്റെ സ്കോർ അതിവേഗമുയർത്തുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 പന്തുകളിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.