ജയ്സ്വാൾ-ഗിൽ വെടിക്കെട്ട്; നാലാം ട്വന്‍റി20യിൽ ഇന്ത്യക്ക് 10 വിക്കറ്റ് ജയം; പരമ്പര

ഹരാരെ: സിംബാബ്‍വെക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യക്ക് പത്ത് വിക്കറ്റിന്‍റെ ഗംഭീര ജയം. ഒരു മത്സരം ബാക്കി നിൽക്കെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്‍റെയും (53 പന്തിൽ 93) ശുഭ്മൻ ഗില്ലിന്‍റെയും (39 പന്തിൽ 58) അപരാജിത വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15.2 ഓവറിൽ ലക്ഷ്യത്തിലെത്തി. സ്കോർ -സിംബാബ്‍വെ: 20 ഓവറിൽ ഏഴു വിക്കറ്റിന് 152. ഇന്ത്യ: 15.2 ഓവറിൽ 156. രണ്ടു സിക്സും 13 ഫോറുമടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിങ്സ്. സിംബാബ്‍വെ ബൗളർമാരെ അനായാസം നേരിട്ട താരം 29 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്‍റെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണിത്. രണ്ടു സിക്സും ആറു ഫോറും താരം നേടി.

ആദ്യ മത്സരം കൈവിട്ട ഇന്ത്യ രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ചിരുന്നു. നായകൻ സിക്കന്ദർ റാസയാണ് ആതിഥേയരുടെ ടോപ് സ്കോറർ. 28 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 46 റൺസെടുത്താണ് താരം പുരത്തായത്. നായകൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‍വെക്കായി ഓപ്പണർമാരായ വെസ്‍ലി മാഥവരെയും റ്റഡിവനാഷെ മരുമനിയും മികച്ച തുടക്കം നൽകി. ഇരുവരും 8.4 ഓവറിൽ 63 റൺസെടുത്താണ് പിരിഞ്ഞത്. അഭിഷേക് ശർമയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 31 പന്തിൽ 32 റൺസെടുത്ത മരുമനിയെ താരം റിങ്കു സിങ്ങിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മാഥവരെയെ ശിവം ദുബെയും പുറത്താക്കി. 24 പന്തിൽ 25 റൺസെടുത്ത താരത്തെ റിങ്കു ക്യാച്ചെടുത്താണ് പുറത്താക്കിയത്.

നായകൻ സിക്കന്ദർ റാസക്ക് മാത്രമാണ് പിന്നീട് പിടിച്ചുനിൽക്കാനായത്. ബ്രയാൻ ബെന്നറ്റ് (14 പന്തിൽ ഒമ്പത്), ജൊനാതൻ കാംബെൽ (മൂന്നു പന്തിൽ മൂന്ന്), ഡയൺ മയർസ് (13 പന്തിൽ 12), ക്ലിവ് മദന്ദെ (അഞ്ച് പന്തിൽ ഏഴ്) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ഫറസ് അക്രം മൂന്നു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഖലീൽ അഹ്മദ് രണ്ടു വിക്കറ്റും തുഷാർ ദേഷ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ദേഷ്പാണ്ഡെ ട്വന്റി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ഐ.പി.എല്ലിൽ‌ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ്. 

Tags:    
News Summary - Yashasvi Jaiswal's Unbeaten 93 Guides India To Series-Clinching Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.