ചരിത്രപ്പിറവി; 900 ഗോളുകൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ: കരിയറിൽ മറ്റൊരു അതുല്യ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തിനും ക്ലബിനുമായി 900 ഗോൾ പൂർത്തിയാക്കി ഔദ്യോഗിക മത്സരങ്ങളിൽ ഇത്രയും ഗോൾ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ക്രൊയേഷ്യക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗലിനായി 34ാം മിനിറ്റിൽ നൂനോ മെൻഡസിന്റെ ക്രോസ് ക്ലോസ് റേഞ്ചിൽനിന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടാണ് ചരിത്ര നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടിൽ കിടന്നു. 

‘ഏറെ നാളായി ഞാൻ എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്. ഞാൻ ഈ നമ്പറിൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു, കാരണം ഞാൻ കളി തുടരുമ്പോൾ അത് സ്വാഭാവികമായി സംഭവിക്കും. ഇതൊരു നാഴികക്കല്ലായതിനാൽ വൈകാരികമായിരുന്നു. ഇതും മറ്റേതൊരു നാഴികക്കല്ല് പോലെ തോന്നുന്നു. എന്നാൽ, എനിക്കും എനിക്ക് ചുറ്റുമുള്ള ആളുകൾക്കുമേ അറിയൂ, എല്ലാ ദിവസവും പ്രയത്നിക്കാനും ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനും 900 ഗോളുകൾ നേടാനും എത്ര ബുദ്ധിമുട്ടാണെന്ന്. എൻ്റെ കരിയറിലെ അതുല്യമായ ഒരു നാഴികക്കല്ലാണിത്’ -റൊണാൾഡോ മത്സരത്തിന് ശേഷം പ്രതികരിച്ചു. ‘ഞാൻ ഇത് സ്വപ്നം കണ്ടിരുന്നു, എനിക്ക് കൂടുതൽ സ്വപ്നങ്ങളുണ്ട്. എല്ലാവർക്കും നന്ദി!’ എന്നായിരുന്നു നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പ്രത്യേക വിഡിയോക്കൊപ്പം കുറിച്ചത്.

പോർച്ചുഗലിനായി 131 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ സംഭാവന. ക്ലബ് തലത്തിൽ റയൽ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റർ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അൽനസ്റിനായി 68ഉം ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഇതിന് പുറമെ കരിയർ ആരംഭിച്ച സ്​പോർട്ടിങ് ലിസ്ബണിനായി അഞ്ച് ഗോളും നേടിയിട്ടുണ്ട്. 1236 മത്സരങ്ങളിൽനിന്നാണ് 900 ഗോളുകളിലെത്തിയത്. 

അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയാണ് ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോക്ക് തൊട്ടുപിന്നിലുള്ളത്. 859 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. ക്രിസ്റ്റ്യാനോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെൽഫ് ഗോളും നേടിയ മത്സരത്തിൽ പോർച്ചുഗൽ 2-1നാണ് ക്രൊയേഷ്യക്കെതിരെ ജയിച്ചുകയറിത്.

Tags:    
News Summary - Cristiano Ronaldo completes 900 career goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.