ചെന്നൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷം യു-ടേണടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിലെ പാൾ റോയൽസുമായി കരാറിലെത്തിയിരിക്കുകയാണ് 39കാരൻ. ഇതോടെ ദക്ഷിണാഫ്രിക്കൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകും ഡി.കെ.
ദക്ഷിണാഫ്രിക്കൻ ലീഗിൽ കളിക്കുന്നതിന്റെ സന്തോഷം ദിനേശ് കാർത്തിക് പങ്കുവെച്ചു. ‘ഒരു കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലെത്തുന്നു. ഈ സമയം ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നതിനും കളിക്കുന്നതിനും കാരണമായ ഒരുപാട് മികച്ച ഓർമകളുണ്ട്. അത്തരത്തിൽ ഒരു അവസരം മുമ്പിൽ വരുമ്പോൾ ഒരിക്കലും എനിക്കത് നിരസിക്കാൻ കഴിയില്ല. മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരുകയും റോയൽസിനൊപ്പം മത്സരം വിജയിക്കുകയും ചെയ്യുന്നത് എത്രമാത്രം സവിശേഷമായിരിക്കും’ -കാർത്തിക് പ്രതികരിച്ചു. ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസിയും ഇക്കാര്യം സ്ഥിരീകരിച്ചു. ‘ബാറ്ററും കീപ്പറും ഫിനിഷറുമായ ദിനേശ് കാർത്തിക്കിന് റോയൽ കുടുംബത്തിലേക്ക് സ്വാഗതം’ എന്നായിരുന്നു അവർ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന കാർത്തിക് ടൂർണമെന്റിന് പിന്നാലെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2015ല്‍ ബംഗളൂരുവിനൊപ്പം ചേരുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. ഐ.പി.എല്ലിലെ 257 മത്സരങ്ങളില്‍നിന്ന് 22 അർധസെഞ്ച്വറികളടക്കം 4842 റണ്‍സാണ് സമ്പാദ്യം. കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളിൽ 187.36 സ്ട്രൈക്ക് റേറ്റിൽ 326 റൺസ് നേടിയിരുന്നു. വിരമിച്ച ശേഷം ഡി.കെയെ ബംഗളൂരു പുരുഷ ടീമിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമായി ഈയിടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്കായി 26 ടെസ്റ്റിൽ 1025ഉം 94 ഏകദിനങ്ങളിൽ 1752ഉം 60 ട്വന്റി 20കളിലും 686ഉം റൺസ് വീതം നേടിയിട്ടുണ്ട്. 2022ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.