മലപ്പുറം: കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിൽ കൗമാര കായികോത്സവത്തിന് ട്രാക്കുണരുമ്പോൾ വാനോളം പ്രതീക്ഷകളുമായി മലപ്പുറം സ്ക്വാഡും. കഴിഞ്ഞതവണ ട്രാക്കിൽ ചരിത്രം കുറിച്ച് സ്കൂൾ ചാമ്പ്യന്മാരായ ഐഡിയലും ത്രോ ഇനങ്ങളുടെ വമ്പുമായെത്തുന്ന ആലത്തിയൂരും മറ്റു സ്കൂളുകളിലെ താരങ്ങളും ജില്ലക്ക് അഭിമാന നേട്ടം സമ്മാനിക്കാൻ തിങ്കളാഴ്ച തൃശൂരിലെത്തും.
കഴിഞ്ഞ തവണ സ്കൂൾ വിഭാഗത്തിൽ 66 പോയന്റുമായി ചാമ്പ്യന്മാരായ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഇക്കുറി കൂടുതൽ സ്വർണം നേടി കിരീടം നിലനിർത്താനാണ് വണ്ടി കയറിയത്. മൂന്ന് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 22 പോയന്റ് നേടി കഴിഞ്ഞ തവണ എട്ടാമതെത്തിയ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസും ജില്ലയുടെ പോരാട്ടത്തിന് കരുത്ത് പകരും.
ജില്ല സ്കൂൾ കായികമേളയിൽ ഇക്കുറി മിന്നും പ്രകടനം നടത്തിയ ഐഡിയൽ സംസ്ഥാനതലത്തിലും മികച്ച പോരാട്ടം നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ്. ഇക്കുറി ഐഡിയലിന്റെ 30 താരങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനിറങ്ങുമെന്നും താരങ്ങൾക്ക് മികച്ച പരിശീലനം നൽകിയിട്ടുണ്ടെന്നും ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു.
ഇക്കുറി പോൾവാൾട്ടിലും കന്നി മത്സരത്തിന് ഇറങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 22 താരങ്ങളാണ് ആലത്തിയൂർ സ്കൂളിൽനിന്ന് പങ്കെടുക്കുന്നത്. ഇവർക്കൊപ്പം വിവിധ സ്കൂളുകളിലായി പഠിക്കുന്ന കാവനൂർ സ്പോർട്സ് അക്കാദമിയുടെ വിദ്യാർഥികളും ജില്ലക്കായി രംഗത്തിറങ്ങും.
കഴിഞ്ഞ തവണ സംസ്ഥാന കായികമേളയിൽ ഐഡിയലിന്റെ കരുത്തിൽ ജില്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്കൂൾ വിഭാഗത്തിൽ ഓവറോൾ ജേതാക്കളായ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെ തോളിലേറി ചരിത്രത്തിലാദ്യമായി മലപ്പുറം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.