ദോഹ: ഖത്തറിലേക്ക് എൽദോസ് പോളിന്റെ ആദ്യ യാത്രയാണിത്. അതാവട്ടെ, ലോക അത്ലറ്റിക്സിലെ വമ്പൻ താരങ്ങൾക്കൊപ്പം മാറ്റുരക്കാനും. ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ നീരജ് ചോപ്രക്കൊപ്പം മത്സരിക്കുന്ന മറ്റൊരു ഇന്ത്യക്കാരൻ ഈ എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ട്രിപ്ൾ ജംപിൽ സ്വർണം നേടി ചരിത്രംകുറിച്ച എൽദോയെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാണുമ്പോൾ മത്സരത്തിനുള്ള ഒരുക്കത്തിലായിരുന്നു.
പകലിലെ മോശമില്ലാത്ത ചൂടിൽ മറ്റു താരങ്ങളെല്ലാം ഹോട്ടൽ മുറിയുടെ തണുപ്പിൽ സമയം ചെലവഴിക്കുമ്പോൾ ഡയമണ്ട് ലീഗിന്റെ മത്സരവേദിയായ ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തോട് ചേർന്ന് ജിംനേഷ്യത്തിൽ കോച്ച് തിരുവനന്തപുരം സ്വദേശി ഹരികൃഷ്ണനൊപ്പം വർക്കൗട്ടിലായിരുന്നു എൽദോസ്. വൈകുന്നേരമായാൽ തിരക്കാവും, അതിനുമുമ്പ് തന്റെ വർക്കൗട്ട് ശീലം തെറ്റാതിരിക്കാൻ നേരത്തേ എത്തി പരിശീലനം തുടങ്ങിയതായിരുന്നു എൽദോസ്. മണിക്കൂറുകൾ നീണ്ട പരിശീലനം കഴിഞ്ഞ്, വെള്ളിയാഴ്ച ലോകതാരങ്ങൾക്കൊപ്പം ജംപിങ് പിറ്റിൽ പോരാടാനുള്ള തയാറെടുപ്പ്.
വേൾഡ് അത്ലറ്റിക്സിലെ ‘എ’ ക്ലാസ് ചാമ്പ്യൻഷിപ്പായ ഡയമണ്ട് ലീഗിലേക്ക് എൻട്രി കിട്ടിയ സന്തോഷത്തിലാണ് സർവിസസിന്റെ ഈ മലയാളി താരം. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 17.03 മീറ്റർ ചാടിയായിരുന്നു എൽദോസിന്റെ സ്വർണനേട്ടം. സുഹൃത്തുകൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ അന്ന് വെള്ളിയും നേടി.
ഇത്തവണ പുതിയ സീസണിന്റെ തുടക്കത്തിലാണ് എൽദോസ്. മാർച്ചിൽ തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ മത്സരിച്ചാണ് ദോഹയിലേക്കുള്ള വരവ്. വരാനിരിക്കുന്ന ഏഷ്യൻ, വേൾഡ് ചാമ്പ്യൻഷിപ്പുകൾക്കു മുമ്പായി ഫോമിന്റെ ഉന്നതിയിലെത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഒപ്പം മത്സരിക്കുന്നവരെല്ലാം ലോകോത്തര താരങ്ങളാണ്. 18.21 മീറ്റർ ചാടി, രണ്ടു തവണ ഒളിമ്പിക്സ് ജേതാവും നാലു തവണ ലോകജേതാവുമായ ക്രിസ്റ്റ്യൻ ടെയ്ലറും ടോക്യോ ഒളിമ്പിക്സിലെയും നിലവിലെ ലോകചാമ്പ്യൻഷിപ്പിലെയും ജേതാവ് പെഡ്രോ പിച്ചാർഡോയും മുതലുള്ള വമ്പന്മാർ.
അവർക്കൊപ്പം, മത്സരിക്കുമ്പോൾ ഏറ്റവും മികച്ച മത്സര പരിചയമാണ് എൽദോസിന്റെ ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച 11 ചാട്ടക്കാരിൽ ഒരാളായി ഡയമണ്ട് ലീഗ് വേദിയിൽ അവർക്കൊപ്പം മാറ്റുരക്കാൻ ലഭിച്ച അവസരം തന്റെ മിന്നും പ്രകടനംകൊണ്ട് ശ്രദ്ധേയമാക്കിമാറ്റാൻ ഒരുങ്ങുകയാണ് ഈ പൊൻതാരം. വൈകുന്നേരം ആറരക്ക് നടക്കുന്ന മത്സരത്തിൽ എൽദോസ് ചാടുമ്പോൾ ഗാലറിയിൽ ആരവമായി മലയാളികളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.