ഇഷ സിങ് എന്ന ഇന്ത്യയുടെ കൗമാരക്കാരി ഷൂട്ടർ അപൂർവ്വമായൊരു റെക്കോർഡാണ് ഈ ഏഷ്യൻ ഗെയിംസിൽ കുറിച്ചത്. ഒറ്റ ഏഷ്യൻ ഗെയിംസിൽ നാല് മെഡലുകൾ നേടുന്ന വനിതാ ഷൂട്ടറാണ് 18 കാരിയായ ഇഷ. 25 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ ടീം സ്വർണവും വ്യക്തിഗത വെള്ളിയും നേടിയ ഇഷ, വെള്ളിയാഴ്ച 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ പാലക്, ടി.എസ്. ദിവ്യ എന്നിവർക്കൊപ്പം വെള്ളിയും നേടിയിരുന്നു. ഇതേ ഇനത്തിൽ വ്യക്തിഗത സിൽവറും ഇഷക്കാണ്. ആകെ മൂന്ന് വെള്ളിയും ഒരു സ്വർണവും ഉൾപ്പടെ നാല് മെഡലാണ് ഇഷ വെടിവച്ചുവീഴ്ത്തിയത്.
ഫുയാങ് യിൻഹു സ്‌പോർട്‌സ് സെന്ററിലെ സ്റ്റാൻഡിൽ നിന്ന് മകളുടെ വിജയങ്ങളെല്ലാം കൺകുളിർക്കെ കണ്ട ഇഷയുടെ പിതാവ് സച്ചിനും ഏറെ ആഹ്ലാദത്തിലാണ്. മെഡലുകൾ ഒരിക്കലും ലക്ഷ്യമായിരുന്നില്ലെന്നും ഈ നേട്ടം വളരെ അപ്രതീക്ഷിതമായാണ് സംഭവിച്ചതെന്നുമാണ് ഇഷയും പിതാവ് സച്ചിനും പറയുന്നത്. ‘നാല് മെഡലുകൾ എന്നത് തികച്ചും അപ്രതീക്ഷിതമാണ്. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. പുതിയ അനുഭവത്തിനും ലഭിച്ച അവസരത്തിനും ഞാൻ ഏറെ നന്ദിയുള്ളവളാണ്’-മെഡൽ നേട്ടത്തിനുശേഷം ഇഷ പറഞ്ഞു.
ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി തോന്നുന്നു. പക്ഷേ ഇതെല്ലാം ഉൾക്കൊള്ളാൻ കുറേ സമയമെടുക്കും. ഈ നേട്ടത്തിന്‍റെ പേരിൽ പാർട്ടിയൊന്നും ഉണ്ടാകിെല്ലന്നും വളരെ ക്ഷീണിതയാണെന്നും നന്നായി ഉറങ്ങാനാണ് തീരുമാനമെന്നും ഇഷ കൂട്ടിച്ചേർത്തു. ‘നാല് മെഡലുകൾ നേടുന്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ഷൂട്ടർ ആകുക എന്നത് മികച്ച നേട്ടമാണ്. കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനുമുള്ള മുഴുവൻ ക്രെഡിറ്റും അവൾക്കുള്ളതാണ്’-പിതാവ് സച്ചിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.