കൗമാര കായികമേളക്കും ഇനി എവർ റോളിങ് ട്രോഫി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളാകുന്ന ജില്ല ടീമിന് ആദ്യമായി ഏർപ്പെടുത്തിയ എവർ റോളിങ് ട്രോഫി റെഡി. കേരളം, സ്‌പോർട്സ്‌, കുട്ടികൾ എന്ന ആശയത്തിലൂന്നി രൂപകൽപന ചെയ്ത ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ എവർ റോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക്‌ കൈമാറി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് എവർ റോളിങ് സ്വർണക്കപ്പുണ്ടെങ്കിലും കായികമേളക്ക് അത്തരമൊരു റോളിങ് ട്രോഫി ഇല്ലായിരുന്നു. തിരുവനന്തപുരം കേശവദാസപുരം പിള്ളവീട്‌ നഗർ അനശ്വരയിൽ വിവേക്‌ ഗോപനാണ്‌ കൗമാര കായിക മേളയുടെ കിരീടം രൂപകൽപന ചെയ്തത്. തടിയിൽ വെങ്കലംകൊണ്ട്‌ പൊതിഞ്ഞാണ്‌ ട്രോഫി ചെയ്‌തിരിക്കുന്നത്‌. ലോഹ ഉൽപന്നങ്ങളുടെ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര ശൃംഖല സ്ഥാപകനായ പി. മാധവൻ തമ്പിയുടെ പേരക്കുട്ടിയാണ്‌ വിവേക്‌.

ശബരിമലയിലെ പതിനെട്ടാം പടിയും പട്ടം താണുപിള്ളയുടെ പ്രതിമയും സർക്കാർ അവാർഡുകളുമെല്ലാം രൂപകൽപന ചെയ്‌തത്‌ പി. മാധവൻ തമ്പിയാണ്‌. കൊല്ലം അത്‌ലറ്റിക്‌ മീറ്റിന്റെ ട്രോഫി മുഴുവൻ ചെയ്‌തത്‌ വിവേകും സഹോദരൻ വിപിൻ ഗോപനും ചേർന്നാണ്‌. രണ്ടു ദിവസം മുമ്പാണ്‌ ട്രോഫി ബന്ധപ്പെട്ട അധികൃതർക്ക്‌ കൈമാറിയത്‌. പിതാവ് ഗോപകുമാറിന്റെ മരണശേഷം മതാവ് എസ്‌. അംബികയാണ്‌ വ്യാപാരം നോക്കുന്നത്‌.

വിവേകും സഹോദരനും സഹായികളായി അമ്മയ്‌ക്കൊപ്പമുണ്ട്‌. തിരുവനന്തപുരത്തുനിന്ന് ജാഥയായാണ് മേള നടക്കുന്ന കൊച്ചിയിലേക്ക് ട്രോഫി എത്തിക്കുക. അതേസമയം ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവുമായുള്ള ജാഥ കാസർകോട്നിന്ന് കൊച്ചിയിൽ എത്തിച്ചേരും.

Tags:    
News Summary - Ever rolling trophy for youth sports festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT