ബംഗളൂരു: ഒരു വെള്ളി മെഡലൊഴികെ കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നും രേഖപ്പെടുത്താനാവാതെ ദേശീയ ഓപൺ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന 4x400 മീറ്റർ മിക്സഡ് റിലേയിൽ പഞ്ചാബിന് പിന്നിൽ ടി.എസ്. മനു, അബ്ദുൽ സി.ആർ, കെ. സ്നേഹ, ഗൗരി നന്ദൻ എന്നിവരടങ്ങുന്ന ടീം കേരളത്തിനായി ആശ്വാസ വെള്ളി നേടി.
അതേസമയം, 100 മീറ്ററിൽ ദേശീയ റെക്കോഡും മീറ്റ് റെക്കോഡും കൈയിലുള്ള സർവിസസിന്റെ എച്ച്. മണികണ്ഠയെയും 200 മീറ്ററിലെ ദേശീയ റെക്കോഡ് ജേതാവ് അമലാൻ ബൊർഗെയ്നിനെയും മറികടന്ന് ഒഡിഷയുടെ ലാലുപ്രസാദ് ബോയി പുതിയ വേഗരാജാവായി.
മണികണ്ഠ വെള്ളിയും റെയിൽവേസിന്റെ ശിവ വെങ്കലവും നേടി. അമലാൻ ബൊർഗെയ്ൻ നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. വനിതകളുടെ 100 മീറ്ററിൽ ദേശീയ ഗെയിംസ് ജേതാവായ കർണാടകയുടെ സ്നേഹ എസ്.എസിനും സ്വർണം കൈവിട്ടു. റെയിൽവേസിന്റെ നിത്യഗന്ധെയാണ് ജേതാവ്. റെയിൽവേസിന്റെ തന്നെ ഗിരിധറാണി വെങ്കലം നേടി. മീറ്റ് റെക്കോഡും ദേശീയ റെക്കോഡും കൈയിലുള്ള ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവ് അന്നു റാണി വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണമണിഞ്ഞു.
പുരുഷന്മാരുടെ 110 മീറ്റർ ഹർഡ്ൽസിൽ മാനവ്, തേജസ് എന്നിവരിലൂടെ സ്വർണവും വെള്ളിയും റെയിൽവേസ് കൈക്കലാക്കി.
തമിഴ്നാടിന്റെ നിത്യ രാംരാജാണ് ഈയിനത്തിലെ വിജയി. ഒഡിഷയുടെ പ്രഗ്യാൻ പ്രശാന്ത് സാഹു വെള്ളിയും തമിഴ്നാടിന്റെ തന്നെ കെ. നന്ദിനി വെങ്കലവും നേടി. ഹർഡ്ൽസിൽ പുരുഷ, വനിത വിഭാഗങ്ങളിൽ കേരള താരങ്ങൾ അഞ്ചാമതായി. വനിത വിഭാഗത്തിൽ ആൻ ടോമിയും പുരുഷ വിഭാഗത്തിൽ മുഹമ്മദ് ലസാനുമാണ് ഫൈനലിൽ മത്സരിച്ചത്.
പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിൽ തുഷാർ മന്ന (ഡൽഹി), മോഹിത് കുമാർ (സർവിസസ്), വിക്രാന്ത് (റെയിൽവേസ്) എന്നിവരും വനിതകളുടെ വിഭാഗത്തിൽ ഐശ്വര്യ മിശ്ര (മഹാരാഷ്ട്ര), ദേവി അനിബ സല (ഗുജറാത്ത്), കുഞ്ച രജിത (ആന്ധ്ര) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും വെങ്കലവും നേടി. മലയാളി താരങ്ങളായ മനു ടി.എസും കെ. സ്നേഹയും ഏഴാമതായി ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ അലക്സ് തങ്കച്ചൻ നാലും വനിതകളുടെ ഹൈജംപിൽ എയ്ഞ്ചൽ ദേവസ്യ എട്ടും സ്ഥാനത്താണ് ശ്രമം അവസാനിപ്പിച്ചത്. വനിതകളുടെ ഷോട്ട്പുട്ടിൽ മൂന്ന് മെഡലും റെയിൽവേസ് തൂത്തുവാരി. മൻപ്രീത് കൗറിനാണ് സ്വർണം.
മറ്റു മത്സര ഫലങ്ങൾ (യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ): 1500 മീ. (പുരു.) റിതേഷ് (റെയിൽവേസ്), വികാസ് (ഹരിയാന). 1500 മീ. (വനി.) ലിലിദാസ് (റെയിൽവേസ്), കെ.എം. ദീക്ഷ (മധ്യപ്രദേശ്) , ഡിസ്കസ് ത്രോ (പുരു.)- ഗഗൻദീപ് സിങ് (സർവിസസ്), പ്രവീൺ കുമാർ നെഹ്റ (റെയിൽവേസ്). ഹൈജംപ് (വനിത)- രേഖ (റെയിൽവേസ്), കെ. ഗോപിക (തമിഴ്നാട്). പോൾവാൾട്ട് (പുരു.)- എം. ഗൗതം (തമിഴ്നാട്), അൻഷു പട്ടേൽ (മധ്യപ്രദേശ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.