ബെയ്ജിങ്: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളും യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്രബഹിഷ്കരണവും മറികടന്ന് ചൈനയിലെ ബെയ്ജിങ്ങിൽ ശീതകാല ഒളിമ്പിക്സിന് തുടക്കമായി. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് മത്സരങ്ങൾ നടക്കുന്നത്.
പ്രതിസന്ധികൾക്കിടെ വിന്റർ ഒളിമ്പിക്സ് നടത്താനായത് ചൈനയുടെ വലിയ വിജയമെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനയച്ച സന്ദേശത്തിലാണ് കിം അഭിനന്ദനം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും കിം പറഞ്ഞു. ഫെബ്രുവരി നാലുമുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്സ്. ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് യു.എസ്, ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ ശീതകാല ഒളിമ്പിക്സിന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു.
അതിനിടയിൽ, തിബറ്റൻ ജനതക്കും ഉയ്ഗൂർ മുസ്ലിംകൾക്കും എതിരെ ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഒളിമ്പിക്സ് അസോസിയേഷനെ ചൈന വിലയ്ക്കെടുത്തിരിക്കുകയാണെന്നും ആരോപിച്ച് ജനീവയിലെ ലുസാനിൽ അന്തരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷൻ ആസ്ഥാനത്ത് വൻപ്രതിഷേധം അരങ്ങേറി. ന്യൂഡൽഹിയിൽ തിബത്തൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൈനീസ് പതാക കത്തിച്ചു പ്രതിഷേധിച്ചു.
യുക്രെയ്ൻ വിഷയത്തിൽ സംഘർഷം പുകയവെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ നയങ്ങൾക്ക് ഇരുരാഷ്ട്രത്തലവൻമാരും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.