ദോഹ: ലോകം കാത്തിരിക്കുന്ന മഹാമേളയിലേക്ക് ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം. 2010 ഡിസംബർ രണ്ടിന് സൂറിച്ചിലെ ഫിഫ വേദിയിൽ വെച്ച് ഖത്തറിന് ലോകകപ്പ് സമ്മാനിക്കുമ്പോൾ അറബ് -ഏഷ്യൻ ലോകത്തിന് ഉത്സവമായിരുന്നു. എന്നാൽ, യൂറോപ്പും അമേരിക്കൻ രാജ്യങ്ങളും പ്രചരിപ്പിച്ച ആശങ്കകൾക്ക്, ഏറ്റവും മികച്ച ഒരുക്കങ്ങളോടെ മറുപടി നൽകിയാണ് ഖത്തർ ലോകകപ്പിലേക്ക് നടന്നടുക്കുന്നത്. സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഒരുവർഷം മുമ്പേ പൂർത്തിയാക്കി അറേബ്യൻ പെനിൻസുല കളിയുത്സവത്തിന് കാത്തിരിക്കുന്നു.
01 - ഒന്നിന്‍റെ ഒരുപാട് വിശേഷങ്ങളുണ്ട് ഖത്തർ ലോകകപ്പിന്. അറബ് ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് എന്നതു തന്നെ പ്രഥമം. ദോഹ നഗരത്തിന് ചുറ്റുമായി നടക്കുന്ന ലോകകപ്പ്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ വലിയൊരു ശതമാനവും ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മാത്രമായിരിക്കും. ചെറിയ ദൂരപരിധിക്കുള്ളിൽ എല്ലാ വേദികളും എന്നതിനാൽ, ആരാധകർക്ക് ഒരേയിടത്തു താമസിച്ച് മുഴുവൻ മത്സരങ്ങളും കാണാനും കഴിയും.
02 -ലോകകപ്പിനെത്തുന്ന സഞ്ചാരികൾക്ക് യാത്രക്കുള്ള മാർഗമാണ് ദോഹ മെട്രോ. എത്രദൂരത്തേക്കും ഒരുതവണ യാത്രക്ക് രണ്ട് റിയാൽ (42 ഇന്ത്യൻ രൂപ) ചെലവ്. ഒരു മെട്രോ സ്റ്റേഷനിൽ നിന്നും അടുത്ത സ്റ്റേഷനിലേക്ക് ശരാശരി സമയദൈർഘ്യം രണ്ടു മിനിറ്റ് മാത്രം. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പ് എന്നത് മറ്റൊരു പ്രത്യേകത.
03 ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ ഖത്തറിൽ വനിതകളുമുണ്ടാവും. ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രാപ്പാർട്, റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നീ മൂന്നു വനിതകളാണ് ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ടവർ. ഇവർക്ക് പുറമെ അസിസ്റ്റന്‍റ് റഫറിമാരുടെ പട്ടികയിലും മൂന്നു വനിതകളുണ്ട്. ലോകകപ്പിന് ആകെ 36 റഫറിമാരും, 69 അസി. റഫറിമാരും, 24 വിഡിയോ മാച്ച് ഒഫീഷ്യൽസുമാണുള്ളത്.
06- ഏഷ്യൻ വൻകരയിൽ രണ്ടാം തവണ ലോകകപ്പ് വിരുന്നെത്തിയപ്പോൾ പങ്കാളിത്തതിലും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചരിത്രം കുറിച്ചു. ആതിഥേയരായ ഖത്തർ ഉൾപ്പെടെ എ.എഫ്.സിക്കു കീഴിൽനിന്നും പങ്കെടുക്കുന്നത് ആറ് ടീമുകൾ. ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി, ഇറാൻ, ആസ്ട്രേലിയ എന്നിവർ.
08- ലോകകപ്പിനായി ഖത്തർ ഒരുക്കിയത് എട്ട് സുന്ദരമായ കളിയിടങ്ങൾ. അവയിൽ ആറും പുതുതായി നിർമിച്ചത്. ഖലീഫ സ്റ്റേഡിയവും അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും പുതുക്കി പണിതാണ് ലോകകപ്പിനൊരുങ്ങുന്നത്. എട്ടു കളിമുറ്റങ്ങളും ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും പാരമ്പര്യവും പൈതൃകവും ഉൾക്കൊള്ളുന്നത്.
10- ലോകകപ്പ് വേദികൾക്കിടയിൽ ഏറ്റവും ചെറിയ ദൂരം പത്തു കിലോമീറ്റർ വരും. ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിന്നും സമീപത്തായി സ്ഥിതിചെയ്യുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്കുള്ള ദൂരമാണിത്.
15 -ലോകകപ്പിനായി ഖത്തർ പ്രതീക്ഷിക്കുന്നത് 15 ലക്ഷം ആരാധകരെ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും 28 ദിവസത്തിനുള്ളിൽ ഇത്രയേറെ ഫുട്ബാൾ ആരാധകർ ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷകൾ.
22 -1930ൽ ഉറുഗ്വായിൽ തുടങ്ങിയതാണ് ലോകകപ്പിന്‍റെ തുടക്കം. 92 വർഷത്തിലെത്തിയപ്പോൾ ഖത്തറിലേത് 22ാം ലോകകപ്പ്.
28 - നവംബർ 21ന് കിക്കോഫ്. അൽ തുമാമ സ്റ്റേഡിയത്തിൽ സെനഗലും നെതർലൻഡ്സും പ്രാദേശിക സമയം ഉച്ച ഒരു മണിക്ക് കളത്തിലിറങ്ങുന്നതോടെ തുടക്കം. ഉദ്ഘാടനം രാത്രി ഏഴിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ - എക്വഡോർ മത്സരത്തോടെ. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ. ആകെ 28 ദിവസത്തെ പോരാട്ടങ്ങൾ.
32 -1998 ഫ്രാൻസ് ലോകകപ്പോടെയാണ് പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ആയി മാറിയത്. 1982 മുതൽ 1994 വരെ ഇത് 24 ആയിരുന്നു. 32 ടീമുകളുടെ അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഖത്തറിനുണ്ട്. 2026 മുതൽ ടീമുകൾ 48 ആയി ഉയരും.
70 -രണ്ടു സ്റ്റേഡിയങ്ങൾക്കിടയിലെ ഏറ്റവും കൂടിയ ദൂരം 67-70 കിലോമീറ്ററായാണ്. തലസ്ഥാന നഗരിയായ ദോഹയുടെ കിഴക്കൻ നഗരമായ അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നിന്നും വടക്ക് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ഇതിനിടയിലാണ് മറ്റ് ആറ് വേദികളും നിലകൊള്ളുന്നത്.
974 -ലോകകപ്പ് വേദികളിലൊന്നിന്‍റെ പേരാണ് സ്റ്റേഡിയം 974. ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ട് നിർമിച്ച വേദി ലോകകപ്പിനുശേഷം പൂർണമായും പൊളിച്ചുനീക്കും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്റ്റേഡിയം മത്സരാനന്തരം പൂർണമായും പൊളിച്ചുനീക്കാനായി നിർമിക്കുന്നത്.
20,000 -ലോകകപ്പിന്‍റെ സംഘാടനത്തിനായി ഫിഫ ഒരുക്കുന്നത് 20,000 വളന്റിയർ സംഘത്തെ. വിമാനത്താവളം മുതൽ സ്റ്റേഡിയത്തിലും ടീം താമസ-പരിശീലന കേന്ദ്രങ്ങളിലും, തെരുവുകളിലും ഫാൻ സോണുകളിലും ആരാധകർക്ക് സഹായവുമായി വളന്റിയർ സംഘത്തിന്‍റെ സേവനമുണ്ടാവും. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മലയാളികൾ സേവനം ചെയ്യുന്ന ലോകകപ്പ് കൂടിയാവും ഖത്തർ.
70,000 -ലോകകപ്പിനെത്തുന്ന അതിഥികളുടെ താമസത്തിനായി ഒരുക്കിയത് 70,000 ഹോട്ടൽ മുറികളാണ്. ഇതിനു പുറമെ, അപാർട്ട്മെന്‍റ്, വില്ലകൾ, ക്രൂസ് കപ്പലുകൾ, ഫാൻ വില്ലേജുകൾ എന്നിവയിലുമായി 1.30 ലക്ഷം മുറികൾ അതിഥികൾക്ക് താമസിക്കാനായി സജ്ജം.
500 കോടി: ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാഴ്ചക്കാരുള്ള മേളയെന്ന റെക്കോഡ് കുറിക്കാൻ ഒരുങ്ങുകയാണ് ഖത്തർ ലോകകപ്പ്. ടി.വിയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കാഴ്ചക്കാർ 500 കോടി കവിയുമെന്ന് കണക്കുകൾ. 2018 റഷ്യ ലോകകപ്പ് കണ്ടവർ 357 കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.