തുടർച്ചയായ 28 മത്സരങ്ങൾ ജയിച്ച് ലോക റെക്കോഡിട്ട് സൗദി ക്ലബ് അൽ ഹിലാൽ. ചൊവ്വാഴ്ച ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ ഇത്തിഹാദിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതോടെയാണ് അതുല്യ നേട്ടം സ്വന്തമാക്കിയത്. 2016ൽ വെയിൽസ് ക്ലബ് ന്യൂ സെയിന്റ്സ് നേടിയ 27 വിജയമെന്ന റെക്കോഡാണ് അൽ ഹിലാലിന് മുന്നിൽ വഴിമാറിയത്.
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ, പോർച്ചുഗീസ് താരം റൂബൻ നെവസ്, സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിത്രോവിച്, സെനഗൽ ഡിഫൻഡർ കാലിദു കൂലിബാലി, മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനു തുടങ്ങിയവരടങ്ങിയ വൻ താരനിരയുടെ കരുത്തിൽ ഇറങ്ങുന്ന അൽ ഹിലാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഡമാകിനോട് 1-1ന് സമനില വഴങ്ങിയ ശേഷം തോൽവിയറിഞ്ഞിട്ടില്ല. പി.എസ്.ജിയിൽനിന്ന് 90 ദശലക്ഷം യൂറോക്ക് ടീമിലെത്തിച്ച നെയ്മർ കാലിലെ പരിക്ക് കാരണം ഒക്ടോബർ മുതൽ കളിക്കുന്നില്ലെങ്കിലും അൽ ഹിലാൽ വിജയക്കുതിപ്പ് തുടരുകയാണ്.
ബെൻഫിക്കക്കും ഫ്ലമിങ്ങോക്കുമെല്ലാം തന്ത്രം മെനഞ്ഞ പരിശീലകനായിരുന്ന ജോർജ് ജീസസ് ആണ് അൽ ഹിലാലിന്റെ പരിശീലകൻ. കഴിഞ്ഞ 28 മത്സരങ്ങളിൽ ടീം നേടിയ 81 ഗോളുകളിൽ 26ഉം നേടിയത് മിത്രോവിച് ആണ്. സൗദി ലീഗിലെ 16ഉം ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ഒമ്പതും മൂന്ന് ആഭ്യന്തര മത്സരങ്ങളും ചേർന്നതാണ് റെക്കോഡിലേക്കുള്ള കുതിപ്പ്. സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനേക്കാൾ 12 പോയന്റ് മുമ്പിലാണ് അൽ ഹിലാൽ.
കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരത്തിൽ അൽ ഇത്തിഹാദിനെ 2-0ത്തിന് തോൽപിച്ചതോടെ ടീം സെമിഫൈനലിലും ഇടമുറപ്പിച്ചിട്ടുണ്ട്. ആദ്യപാദ മത്സരത്തിലും ഇതേ സ്കോറിന് ജയിച്ചിരുന്നു. യു.എ.ഇ ക്ലബ് അൽ ഐൻ ആണ് സെമിഫൈനലിലെ എതിരാളികൾ. ടൂർണമെന്റിന്റെ നിലവിലെ റണ്ണേഴ്സ് അപ്പാണ് അൽ ഹിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.