മാഡ്രിഡ്: സെർജിയോ റാമോസ് കരിയറിലെ 29ാം ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ സെവിയ്യക്ക് തോൽവി. ലാലിഗയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ സൊസീഡാഡാണ് സെവിയ്യയെ കീഴടക്കിയത്. മുൻ റയൽ മാഡ്രിഡ്-സ്പെയിൻ താരം കൂടിയായ റാമോസ് ലാലിഗയിൽ 21ാം തവണയാണ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുന്നത്. 82ാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട താരം ആറ് മിനിറ്റിനകം ബ്രെയ്സ് മെൻഡസിനെ മാരകമായി ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡും വാങ്ങിയാണ് കളത്തിന് പുറത്തായത്. ആദ്യം മഞ്ഞക്കാർഡ് കാണിച്ച റഫറി ‘വാർ’ പരിശോധനയിൽ അത് ചുവപ്പാക്കുകയായിരുന്നു. റഫറിയുടെ തീരുമാനം ചോദ്യം ചെയ്ത വിങ്ങർ ജീസസ് നവാസും ചുവപ്പ് കാർഡ് വാങ്ങി. 20 വർഷം നീണ്ട കരിയറിൽ ആദ്യ തവണയാണ് 38കാരൻ ചുവപ്പ് കാർഡ് വാങ്ങുന്നത്. 29 ചുവപ്പ് കാർഡ് വാങ്ങിയ റാമോസിന് പുറമെ റാഫേൽ മാർക്വേസും (21), ഫെലിപ്പ് മെലോയും (20) ആണ് 21ാം നൂറ്റാണ്ടിൽ 20ലധികം ചുവപ്പ് കാർഡ് വാങ്ങിയവർ.
മൂന്നാം മിനിറ്റിൽ തന്നെ സെവിയ്യയുടെ പോസ്റ്റിൽ പന്ത് കയറിയിരുന്നു. ബോക്സിന് തൊട്ടടുത്ത് വെച്ച് ലഭിച്ച ഫ്രീകിക്ക് സൊസീഡാഡ് താരം ബരേനെ നേരെ പോസ്റ്റിലേക്കടിച്ചപ്പോൾ ഗോൾകീപ്പർ മാർകോ ദിമിത്രോവിച് തടഞ്ഞെങ്കിലും നിലത്ത് കുത്തി വലയിൽ കയറുകയായിരുന്നു. 22ാം മിനിറ്റിൽ സെവിയ്യയെ ഞെട്ടിച്ച് ഉമർ സാദിഖും വലകുലുക്കി. 25 വാര അകലെനിന്നുള്ള തകർപ്പൻ ഷോട്ട് സെവിയ്യ ഗോളിക്ക് ഒരവസരവും നൽകിയില്ല.
60ാം മിനിറ്റിൽ മൊറോക്കൻ താരം യൂസുഫ് എൽ നസ്‍രിയിലൂടെ സെവിയ്യ ഒരു ഗോൾ തിരിച്ചടിച്ചു. ഇടതുവിങ്ങിൽനിന്ന് പെഡ്രോസ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ആറ് മിനിറ്റിനകം സമനില പിടിക്കാൻ അവസരമൊത്തെങ്കിലും ക്രോസ് ബാർ തടസ്സം നിന്നു. 76ാം മിനിറ്റിൽ സൊസീഡാഡ് ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും സെവിയ്യ ഗോൾകീപ്പർ രക്ഷകനായി. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു രണ്ടു താരങ്ങൾക്ക് ഒരുമിച്ച് ചുവപ്പ് കാർഡ് കിട്ടിയത്. ഇതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഗോൾകീപ്പർ ഡൈവ് ചെയ്ത തട്ടിത്തെറിപ്പിച്ചില്ലായിരുന്നെങ്കിൽ സെവിയ്യയുടെ പരാജയഭാരം കൂടുമായിരുന്നു. നിലവിൽ 12 പോയന്റുമായി 15ാം സ്ഥാനത്താണ് സെവിയ്യ.
മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡ് 3-0ത്തിന് കാഡിസിനെയും വിയ്യറയൽ 3-1ന് ഒസാസുനയെയും റയൽ ബെറ്റിസ് 1-0ത്തിന് ലാസ് പാൽമാസിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.