കോഴിക്കോട്: അഞ്ചു കളികൾ. ഒന്നുപോലും തോറ്റില്ല. എതിരാളികളുടെ വലയിൽ അടിച്ചുനിറച്ചത് 24 ഗോളുകൾ. വഴങ്ങിയത് വെറും രണ്ടു ഗോൾ. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി വണ്ടികയറുമ്പോൾ കണക്കിലെ കളിയിൽ കേരളത്തിന്റെ നില ഭദ്രമാണ്. ആറു ഗ്രൂപ്പുകളിലായി 36 ടീമുകൾ മത്സരിക്കുന്ന പ്രാഥമിക റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാർ രാജകീയമായി തന്നെയാണ് ഫൈനൽ റൗണ്ടിൽ കടന്നത്.
മറ്റ് അഞ്ചു ഗ്രൂപ്പുകളിൽ നാലാം ഗ്രൂപ്പിലെയും ആറാം ഗ്രൂപ്പിലെയും മത്സരങ്ങളാണ് ഇനി പൂർത്തിയാവാനുള്ളത്. പൂർത്തിയായ നാലു ഗ്രൂപ്പുകളിലും ഇതുവരെ കേരളം അടിച്ചത്രയും ഗോൾ മറ്റൊരു ടീമും നേടിയിട്ടില്ല. ഗ്രൂപ് ഒന്നിലെ കർണാടകയാണ് കേരളം കഴിഞ്ഞാൽ കൂടുതൽ ഗോളടിച്ചത്. 21 എണ്ണം. എന്നാൽ, അഞ്ചു ഗോൾ കർണാടക വഴങ്ങുകയുണ്ടായി. ഗോൾ വ്യത്യാസത്തിൽ ഏറെ മുന്നിലാണ് കേരളം.
ഡൽഹിയിൽ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി ഒടുവിൽ നടക്കുമെന്നാണ് കരുതുന്നത്. കേരളത്തിന് പുറമെ ഡൽഹി, ഗോവ, മേഘാലയ, കർണാടക എന്നീ ടീമുകൾ ഗ്രൂപ് മത്സരങ്ങളിൽനിന്ന് ഇതിനകം ഫൈനൽ റൗണ്ടിൽ കടന്നിട്ടുണ്ട്. സർവിസസും റെയിൽവേയും നേരിട്ട് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയവരാണ്. രണ്ടു ഗ്രൂപ്പുകളിലെ ജേതാക്കളും എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരിൽനിന്ന് മികച്ച മൂന്നു ടീമുകളുംകൂടി ഫൈനൽ റൗണ്ടിലെത്തും.
ശക്തമായ ആക്രമണനിരയാണ് കേരളത്തിന്റെ കരുത്ത്. വിഗ്നേഷും നരേഷ് ഭാഗ്യനാഥനും മുന്നിൽനിന്ന് നയിക്കുന്ന ആക്രമണനിരയിലേക്ക് മിഡ്ഫീൽഡിൽനിന്ന് നിജോ ഗിൽബർട്ടും റിസ്വാൻ അലിയും അബ്ദുറഹീമും വൈശാഖ് മോഹനനും ഗിഫ്റ്റി ഗ്രേഷ്യസും നൽകുന്ന പിന്തുണയും അവസരം നോക്കി ആക്രമണം തരപ്പെടുത്തുന്നതുമായിരുന്നു ഗ്രൂപ് മത്സരങ്ങളിൽ കേരളത്തിന് തുണയായത്.
രാജസ്ഥാനെതിരെ മറുപടിയില്ലാത്ത ഏഴു ഗോളുകളുമായി തുടങ്ങിയ കേരളം മിസോറമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചാണ് ഫൈനൽ റൗണ്ടിലെത്തിയത്. അതിൽ ജമ്മു-കശ്മീരിനെതിരെ മാത്രമാണ് ആദ്യപകുതിയിൽ ഗോൾ നേടാതിരുന്നത്. ബിഹാറിനും മിസോറമിനും മാത്രമേ കേരള വലയിൽ പന്തെത്തിക്കാൻ കഴിഞ്ഞുള്ളൂ.
വിങ്ങുകളിലൂടെ ആക്രമിക്കുന്ന ശൈലിയായിരുന്നു ആദ്യ നാലു കളികളിലുമെങ്കിൽ മധ്യഭാഗത്തുകൂടി തുളച്ചുകയറിയാണ് മിസോറമിനെ കേരളം തുരത്തിയത്. കോച്ച് പി.ബി. രമേശും അസി. കോച്ച് ബിനീഷ് കിരണും മാനേജർ മുഹമ്മദ് റഫീഖും സാഹചര്യത്തിനനുസരിച്ച് കേളീശൈലി മാറ്റാൻ മിടുക്കരാണ്.
കഴിഞ്ഞ വർഷം മഞ്ചേരിയിലെ പയ്യനാട് സ്വന്തം കാണികൾക്കു മുന്നിൽ ചാമ്പ്യന്മാരായ കേരളം ഡൽഹിയിലും അതാവർത്തിക്കാനുള്ള തയാറെടുപ്പിലാണ്. പക്ഷേ, എതിരാളികൾ അത്ര നിസ്സാരരല്ല. ആതിഥേയരായ ഡൽഹിയും മേഘാലയയും മണിപ്പൂരും സർവിസസും ഗോവയും ബംഗാളും കരുത്തരായ ടീമുകളാണ്.
പഞ്ചാബും ശക്തരാണ്. കഴിഞ്ഞ തവണ ബംഗാളിനെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് കേരളം ജേതാക്കളായത്. ടീം ഒത്തിണക്കത്തോടെയാണ് കളിക്കുന്നതെന്നും തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും കോച്ച് പി.ബി. രമേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.