ലോക ഫുട്‌ബാളില്‍ ഒരു കാലത്ത് സൂപ്പര്‍ താരങ്ങളായിരുന്നവര്‍ പില്‍ക്കാലത്ത് മക്കളുടെ പേരിലും അറിയപ്പെടുന്നവരായി മാറിയിട്ടുണ്ട്. പെലെക്കും മറഡോണക്കും യൊഹാന്‍ ക്രൈഫിനുമൊന്നും ലഭിക്കാതെ പോയ ആ ഭാഗ്യം ആസ്വദിച്ചവരുണ്ട്.
സ്‌പെയ്‌നിന്റെ മിഗ്വേല്‍ ഏഞ്ചല്‍ അതിലൊരു പ്രധാനിയാണ്. മൂന്ന് തവണ ലാ ലിഗ കിരീടം നേടിയ താരം. ബാഴ്‌സലോണക്കൊപ്പവും രണ്ട് തവണ റയല്‍ സോസിഡാഡിനൊപ്പവുമായിരുന്നു ഈ നേട്ടം. സ്‌പെയ്‌നിനായി ഇരുപത് മത്സരങ്ങളും കളിച്ചു. എന്നാല്‍, മിഗ്വേല്‍ ഏഞ്ചലിനേക്കാള്‍ കേമനാണ് മകന്‍ സാബി അലോണ്‍സൊ. മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടങ്ങളും നേടിയ അലോണ്‍സൊ സ്‌പെയ്‌നിനായി ലോകകപ്പും യൂറോ കപ്പും നേടിയ താരമാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷ്‌മൈക്കലിനോളം വരില്ല മകന്‍ കാസ്പര്‍ ഷ്‌മൈക്കല്‍. യുനൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ഒമ്പത് ലീഗ് ട്രോഫികളും നേടിയ പീറ്റര്‍ ഡെന്‍മാര്‍ക്കിനൊപ്പം 1992 യൂറോ കപ്പും സ്വന്തമാക്കി. മകന്‍ കാസ്പര്‍ ലെസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത് ചരിത്രമായി. കാസ്പറിന് മുന്നില്‍ കാലം ഇനിയും ഏറെ.
1994 ല്‍ ബ്രസീല്‍ ലോകകപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ റൊമാരിയോ, ബെബെറ്റോ താരനിരയിലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു മസീഞ്ഞോ. 1989 കോപ അമേരിക്കയിലും ചാമ്പ്യനായി. മസീഞ്ഞോയുടെ മകന്‍ തിയഗോ അല്‍കന്റാര പക്ഷേ, ബ്രസീലിന് വേണ്ടിയല്ല കളിക്കുന്നത്. സ്‌പെയ്‌നിന്റെ താരമാണ്. ക്ലബ്ബ് കരിയറില്‍ അച്ഛനേക്കാള്‍ കേമനാണ് അല്‍കന്റാര. ബാഴ്‌സലോണയില്‍ തുടങ്ങിയ അല്‍കന്റാര ബയേണ്‍ മ്യൂണിക്കിനായി ഏഴ് വര്‍ഷം കളിച്ചു. ഇപ്പോള്‍ ലിവര്‍പൂള്‍ താരം.
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരമായിരുന്ന മാനുവല്‍ സാഞ്ചിസ് ഹോന്റിയോലോ നാല് ലാ ലിഗ കിരീടങ്ങളും ഒരു യൂറോപ്യന്‍ കപ്പും സ്വന്തമാക്കിയപ്പോള്‍ മകന്‍ മാനുവല്‍ സാഞ്ചിസ് മാര്‍ട്ടിനസ് റയലിനൊപ്പം വാരിക്കൂട്ടിയത് അതുക്കും മുകളിലാണ്. എട്ട് ലാ ലിഗ കിരീടങ്ങള്‍, രണ്ട് ചാമ്പ്യന്‍സ് ലീഗ്! സ്‌പെയിനിനായി മകന്‍ സാഞ്ചിസ് കളിച്ചത് 48 മത്സരങ്ങള്‍, അച്ഛന്‍ സാഞ്ചിസ് 11.
ഇറ്റാലിയന്‍ ഫുട്‌ബാളിലെ മാള്‍ഡീനി കുടുംബത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മിലാന്റെ ഇതിഹാസ താരമായ സെസാര്‍ മാള്‍ഡീനിക്ക് തന്നെക്കാള്‍ പെരുമയും പ്രതിഭയുമുള്ള മകന്‍ പിറന്നു- പേര് പോളോ മാള്‍ഡീനി. മിലാന്റെ ക്യാപ്റ്റനായിരുന്ന സെസാര്‍ യൂറോപ്യന്‍ ചാമ്പ്യനാണ്. പില്‍ക്കാലത്ത് മകന്‍ മാള്‍ഡീനി അഞ്ച് തവണയാണ് മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.