ഗൾഫ് രാഷ്ട്രങ്ങളിലുള്ള മലയാളി കാൽപന്തു പ്രേമികളെ ആവേശപ്പരകോടിയിലെത്തിക്കുന്ന ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 500 ദിവസങ്ങൾ. ലോകകപ്പിലേക്കുള്ള ഖത്തറിെൻറ പ്രയാണം രേഖപ്പെടുത്തുകയാണ് പ്രമുഖ കായിക നിരൂപകനായ ലേഖകൻ
നാഴികമണിയുടെ സൂചി വേഗത്തിൽ ചലിക്കണേയെന്ന മനുഷ്യൻ പ്രാർഥിക്കുന്നത് ഒരു ലോകകപ്പിെൻറ കലാശ വിസിൽ മുഴങ്ങി അടുത്ത ലോക കപ്പിെൻറ കിക്കോഫ് തുടങ്ങുന്ന കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പു കാലത്താണ്. 2018 ജൂലൈ 15 ന് റഷ്യൻ ലോകകപ്പിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തുടങ്ങിയ കാത്തിരിപ്പാണ് 2022 നവംബറിലെ ദോഹ ലോകകപ്പിെൻറ ആരംഭ വിസിൽ മുഴക്കത്തിനായി.
പതിനൊന്നു വര്‍ഷം മുമ്പ്, 2010 ഡിസംബര്‍ ഒന്നിന്, ലോക ഫുട്ബാളിെൻറ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലൻഡിലെ സൂറിച്ചിൽ ഒരു വനിതാശബ്ദം മുഴങ്ങുകയുണ്ടായി. 2022ലെ ലോകകപ്പിന് വേദിയൊരുക്കാന്‍ തയാറായി രംഗത്തുവന്ന സ്റ്റേറ്റ് ഓഫ് ഖത്തര്‍ എന്ന കൊച്ചു ഗള്‍ഫ് രാജ്യത്തിെൻറ പ്രഥമ വനിത ശൈഖ മോസ ബിന്‍ത് നാസര്‍, ഫിഫ പ്രസിഡൻറ് സെപ്പ് ബ്ലാറ്റർ അടക്കമുള്ള ലോക ഫുട്ബാൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾക്കും അന്താരാഷ്ട്ര ഡെലിഗേഷനും മുമ്പാകെ ഫൈനല്‍ ബിഡ് സമര്‍പ്പിച്ചു നടത്തിയ വൈകാരികമായ പ്രസംഗമായിരുന്നു അത്.
ശൈഖ മോസ പ്രസംഗം തുടങ്ങിയത് ഇങ്ങനെ: '' ബഹുമാനപ്പെട്ട കമ്മിറ്റി മുമ്പാകെ ഞാൻ ഒരു ചോദ്യം ഉന്നയിക്കുകയാണ്. മധ്യപൗരസ്ത്യ ദേശത്തേക്ക് ഫുട്‌ബാള്‍ ലോകകപ്പ് എന്നാണ് വിരുന്നുവരുക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന് ഞങ്ങളുടെ സംസ്കാരത്തിന് ഈ ലോക മാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെണെ് എപ്പോഴാണ് ബോധ്യപ്പെടുക?
ഇത്തരം ചോദ്യങ്ങള്‍ മുമ്പും ഫിഫക്ക് മുമ്പാകെ ഉന്നയിക്കപ്പെടുകയും വ്യക്തമായ മറുപടി നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്.1930ല്‍ ലാറ്റിനമേരിക്കയെയും 1994ല്‍ വടക്കേ അമേരിക്കയെയും 2002ല്‍ ഏഷ്യയെയും 2010ല്‍ ആഫ്രിക്കയെയും ഫിഫ ആദരിച്ചത് അവിടെത്ത ജനങ്ങൾക്ക് ലോക ഫുട്‌ബാള്‍ മാമാങ്കം സമ്മാനിച്ചുകൊണ്ടായിരുന്നു. ഓരോ ഘട്ടത്തിലും വ്യക്തമായ അവബോധത്തോടെയും മികച്ച തീരുമാനങ്ങളിലൂടെയും ഫിഫ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ലോക ഫുട്‌ബാളിലെ ഏറ്റവും വലിയ മേളയെ അതിനെ ഏറെ സ്‌നേഹിക്കുന്ന മധ്യപൗരസ്ത്യദേശത്തിന് സമ്മാനിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇനി ഫിഫക്ക് നിർവക്കാനുള്ളത് എന്നു ഞാന്‍ കരുതുന്നു. അത് യാഥാര്‍ഥ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ. ഒരു രാജ്യവും ഒരു ജനതയും ഒരു സംസ്കാരവും അതിനായി കാത്തിരിക്കുന്നു''.
ആ അവതരണത്തിനുശേഷം അന്നത്തെ ഫിഫ പ്രസിഡൻറ് സെപ്പ് ബ്ലാറ്ററുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു
' ദ വിന്നർ ഈസ് ഖത്തർ '
2022 ലോക കപ്പിെൻറ വേദിയായി മധ്യപൂർവ ഏഷ്യയിലെ കൊച്ചു രാജ്യമായ ഖത്തറിനെ തെരഞ്ഞെടുത്തു കൊണ്ടുള്ള അന്നത്തെ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററിന്‍റെ ചരിത്രപ്രസിദ്ധ പ്രഖ്യാപനം !
സാധാരണഗതിയിൽ വേദി അനുവദിച്ചുകിട്ടാനുള്ള ബിഡിൽ പങ്കാളികളാവുകയും അതിൽ പിന്തള്ളപ്പെടുകയും ചെയ്യുന്ന മറ്റു രാജ്യങ്ങൾ സ്പോർട്ട്സ്മാൻഷിപ്പോടെ, തങ്ങൾക്ക് പിന്നീടൊരു അവസരമാകാമെന്നു കരുതി വിജയികളെ അഭിനന്ദിക്കുകയും മത്സര നടത്തിപ്പിന് സാർവവിധ പിന്തുണകളും അറിയിക്കുകയുമാണ് പതിവ്. എന്നാലിവിടെ ആ പ്രഖ്യാപനം കേട്ട ഉടൻ ഒപ്പം അപേക്ഷകരായിട്ടുണ്ടായിരുന്ന അമേരിക്ക അടക്കം പടിഞ്ഞാറൻ ശക്തികൾ ഒന്നടങ്കം ഖത്തറിന് എതിരെ അണിനിരക്കുകയായിരുന്നു, ആ തീരുമാനം നടപ്പാക്കാതിരിക്കാനായി. വേദി മാറ്റിയെടുക്കാനായി, സകലവിധ സൂചന മര്യാദകളും അവർ കാറ്റിൽ പറത്തി.
ആരോപണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. ഖത്തറിനെപ്പോലെ 'മനുഷ്യാവകാശ ലംഘനം' നടത്തുന്ന ഒരു രാജ്യത്തെങ്ങനെ സുരക്ഷിതമായി മത്സരങ്ങൾ നടത്തും? അവിടത്തെ കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും? കുറഞ്ഞ വിസ്‌തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികം പേരെ ഉൾക്കൊള്ളും? അതിനു പറ്റിയ ഗതാഗത സൗകര്യങ്ങൾ അവർക്കുണ്ടോ?അവരുടെ 'മതാധിഷ്ഠിത' രാഷ്ട്രീയ, സാംസ്കാരിക സംവിധാനം ലോക കപ്പിലെ സങ്കര സംസ്കാരം എങ്ങനെ സഹിക്കും?
കേവലം രണ്ടു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഒന്നര മില്യൻ അതിഥികളെ എങ്ങനെ സ്വീകരിക്കാനാവും? ... അങ്ങനെ എണ്ണിയാൽ തീരാത്തത്ര സംശയങ്ങളും ആരോപണങ്ങളും അവർ ഉയർത്തി. അവിടെ തീർന്നില്ല, ഇതേ സംശയങ്ങൾ ഉയർത്തി അന്ന് ജർമൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിസൻറും പ്രമുഖ നിയമജ്ഞനുമായ തിയോ സ്വാൻസിഗർ കോടതിയെ സമീപിച്ചു. മത്സര അവകാശം റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ഫിഫയിൽ ഉന്നത സ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ പ്രതിനിധി ജർമൻ കാരനെ സഹായിക്കാൻ തെളിവുകളുമായി രംഗത്തുവന്നു.
അന്നത്തെ ഫിഫ വൈസ് പ്രസിഡന്‍റ് ഖത്തറുകാരനായ ബിൻ ഹമാം, സെപ്പ് ബ്ലാറ്റർ അടക്കമുള്ളവർക്ക് ശതകോടികൾ കൈമാറിയാണ് വേദി വിലക്കെടുത്തതെന്ന ആരോപണം വരെ ഉന്നയിക്കപ്പെട്ടു. കേട്ടുകേൾവിയില്ലാത്തവിധം അമേരിക്കൻ നീതിന്യായ വകുപ്പും എഫ്.ബി.ഐയും ഖത്തർ സംഘാടക സമിതിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങി.ഇതൊന്നും പോരാഞ്ഞ് ഉപരോധവും ഖത്തറിനെതിരെ എത്തി. എത്ര വലിയ രാജ്യമായാലും പിടിച്ചുനിൽക്കാനാവാത്ത പ്രതിസന്ധികൾ...
അപ്പോഴൊന്നും ഒരു കഴഞ്ചു പോലും കുലുങ്ങാതെ, കായിക സംസ്കാരത്തിന് ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്ന ആ കൊച്ചു രാജ്യം ചരിത്ര നിയോഗം തന്റേടത്തോടെ ഏറ്റെടുത്ത് മുന്നോട്ടു നീങ്ങി. എതിരാളികളുടെ ആദ്യ ആരോപണമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീർക്കാൻ രാജ്യം മുഴുവൻ നിർമാണ ഭൂമിയാക്കി മാറ്റി. അപ്പോഴാണ് അമേരിക്കക്കാർക്കൊപ്പം ചേർന്ന് ആംനസ്റ്റി ഇന്‍റർ നാഷനലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നത്. നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നില്ല, അത്തരം ആയിരക്കണക്കിനു തൊഴിലാളികൾ അവിടെ മരിച്ചുവീഴുന്നു എന്നൊക്കെയായിരുന്നു പുതിയ ആരോപണങ്ങൾ.
അതിലൊന്നും വാസ്തവമില്ലെന്നും പെരുപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകൾ നിരത്തി ഖത്തർ ആ ആരോപണങ്ങളെ പൊളിച്ചടുക്കി. കൂടുതൽ സൗകര്യങ്ങൾ നൽകി യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങി.അപ്പോഴേക്കും അഴിമതി ആരോപണത്തെ തുടർന്ന് സെപ്പ് ബ്ലാറ്റർ ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്തായി. ഒപ്പം ഖത്തറുകാരനായ വൈസ് പ്രസിഡന്‍റ് ഹമാം ആജീവനാന്തം ഫുട്ബാൾ രംഗത്തുനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
പുതിയ ഫിഫ പ്രസിഡൻറ് ജോവാനി ഇൻഫൻറിനോയുടെ അരങ്ങേറ്റംതന്നെ കൗതുകകരമായൊരു പ്രഖ്യാപനത്തോടെയായിരുന്നു. അത് വീണ്ടും ഖത്തറിന് ആശങ്കയുടെ നാളുകൾ സമ്മാനിച്ചു.മത്സരങ്ങളുടെ ഇപ്പോഴത്തെ ഘടന മാറ്റി 48 ടീമുകളെ ഉൾപ്പെടുത്തി ഫുട്ബാൾ ലോക കപ്പ് നടത്തും. വേദികൾ ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവയുമായി പങ്കിടണം. ഖത്തർ ലോക കപ്പ് മധ്യേഷ്യൻ ലോക കപ്പാവുന്ന അവസ്ഥ..!
അതുകൊണ്ടും കുലുങ്ങാതെ ഖത്തർ ശാന്തരായി മുന്നോട്ടു പോയി. ആദ്യം ഇൻഫന്‍റിനോ തന്നെ തീരുമാനം മാറ്റിയതായി അറിയിച്ചു. ടീം വിപുലീകരണം അടുത്ത കാനഡ-മെക്സികോ-അമേരിക്ക ലോക കപ്പിലേക്കു മാറ്റി. നിയമനടപടികൾക്കു പോയ ജർമൻകാരൻ പ്രസിഡന്‍റിന് തോറ്റ് നാണംകെട്ട് കോടതിയുടെ പടിയിറങ്ങേണ്ടിവന്നു. അയാൾക്ക് ജർമൻ ഫുട്ബാൾ പ്രസിഡൻറ് സ്ഥാനവും അതോടെ നഷ്ടമായി.
ഫീനിക്സ് പക്ഷിയെപ്പോലുള്ള ഖത്തറിന്‍റെ ഉയിർത്തെഴുന്നേൽപ്പാണ് പിന്നീട് ലോകം കണ്ടത്. നിശ്ചയദാർഢ്യവും പ്രതിബദ്ധതയും വിശ്വാസവും അവരെ മുന്നോട്ടു നയിച്ചു. കൂറും വിശ്വാസവുമായി സ്വന്തം ജനതയും എന്തിനും പോന്ന ഭരണ സംവിധാനവും അവർക്ക് കരുത്തായി. ആരോപണങ്ങളോരോന്നിനും അവർ എണ്ണിയെണ്ണി കണക്കു പറഞ്ഞു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴകും സാങ്കേതികത്തികവും സൗകര്യങ്ങളുമുള്ള എട്ട് വൻകിട സ്റ്റേഡിയങ്ങൾ അവർ പണിതുയർത്തി. ഒപ്പം മികവാർന്ന കളി നഗരങ്ങളും.
പാർപ്പിട പ്രശ്നത്തിന്‍റെ പേരിൽ കണ്ണുരുട്ടിയവരുടെ കണ്ണുകൾ തള്ളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ വൻ നഗരം തന്നെ, 'ലുസൈൽ' പണിതീർത്തു. നൂറുകണക്കിന് പഞ്ചനക്ഷത്ര ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, ഹോം സ്റ്റേ സൗകര്യങ്ങൾ, ഡെസർട്ട് ക്യാമ്പുകൾ, അത്യാഡംബര ക്രൂയിസ് കപ്പലുകൾ എന്നിവയിൽ അതിഥികൾക്ക് താമസമൊരുക്കി അവർ ലോകെത്ത ഞെട്ടിക്കും.കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളി നഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു.മതപരവും സാംസ്കാരികവുമായ ആചാരങ്ങൾ കാരണം മത്സരം ഒഴിവാക്കണമെന്ന് വാശിപിടിച്ചവർക്കും അവർ ഉചിതമായ മറുപടി നൽകി.
അങ്ങനെ അസൂയാലുക്കളായ സകല പ്രതിയോഗികളുടെയും ആരോപണങ്ങളെ സഹിഷ്ണുതയോടെ നേരിട്ട് ഖത്തർ ഒരു വിസ്‌മയ ലോകമായി മാറുകയാണ്. ലോകം ഒഴുകിയെത്തുന്നത് ഖത്തറിലേക്കല്ല, ഖത്തരികളുടെ ഹൃദയത്തിലേക്കായിരിക്കും. ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ആഡംബരവും സൗകര്യങ്ങളും സ്നേഹവും പരിചരണവുമാവും അവരെ കാത്തിരിക്കുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തർ ലോകത്തിന്‍റെ ചെറിയ പതിപ്പാകും. അറബിക്കൊപ്പം ജർമൻ, റഷ്യൻ, ഫ്രഞ്ച്, പോർചുഗീസ്, സ്പാനിഷ് ഭാഷകളൊക്കെ അവിടെ പരസ്പരം ഹൃദയം പങ്കുവെക്കും. മത്സരങ്ങൾ അവസാനിക്കുമ്പോൾ ഖത്തരികളുടെ ഹൃദയവുമായിട്ടാകും ലോകം മടങ്ങുക. 'കനൽ വഴികൾ താണ്ടിയ വിസ്മയം' എന്നാകും പിൽക്കാലത്ത് ഖത്തർ ലോകകപ്പ് അറിയപ്പെടുക!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.