റിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ ക്ലബായ അൽ ഹിലാലിൽ ചേർന്നശേഷം റിയാദിലെത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ നെഞ്ചേറ്റി ഫുട്ബാൾ ആരാധകരും അധികൃതരും. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് 7.15ന് ആരംഭിച്ച വർണാഭമായ ചടങ്ങിൽ സൂപ്പർതാരത്തിന് ലഭിച്ചത് ഗംഭീര വരവേൽപ്.
അൽ ഹിലാൽ ക്ലബിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞായിരുന്നു ഉത്സവസമാനമായ സ്വീകരണ ചടങ്ങ്. കൃത്യം 7.30 ന് നെയ്മർ സ്റ്റേഡിയത്തിലെത്തി. അൽഹിലാൽ ടീമംഗങ്ങളും ക്ലബ് മാനേജ്മെൻറും ഇരുപക്ഷത്തും അണിനിരന്ന് പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മറിനെ സ്റ്റേഡിയത്തിന്റെ നടുവിൽ ഒരുക്കിയ വേദിയിലേക്ക് ആനയിക്കുകയായിരുന്നു.
നെയ്മർ വേദിയിലെത്തിയപ്പോഴും കൈയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തപ്പോഴും വൻ ആരവമാണ് നിറഞ്ഞുകവിഞ്ഞ ഗാലറിയിൽ നിന്നുയർന്നത്. വെറും 15 മിനിറ്റ് മാത്രമാണ് നെയ്മർ വേദിയിൽ ചെലവഴിച്ചത്. ഗാലറിയിലും സ്റ്റേഡിയത്തിലാകെയും നീലനിറം തിളങ്ങി. ആരാധകർ മുഴുവൻ നീല ടീഷർട്ട് ധരിച്ചാണ് എത്തിയത്. സ്റ്റേഡിയത്തിനുള്ളിൽനിന്ന് നീലവെളിച്ചം തുറന്ന മേൽക്കൂരയിലൂടെ ആകാശത്തേക്ക് നീല ധൂമം പോലെ ഉയർന്നുപൊങ്ങി.
അൽഹിലാൽ ക്ലബിന്റെ ജഴ്സിയുടെ നിറം സൂചിപ്പിച്ച് ‘നെയ്മർ ഇനി നീല’ എന്ന് ലേസർ രശ്മികളാൽ ആകാശത്ത് എഴുതിക്കാണിച്ചു. ഒപ്പം അൽഹിലാലിന്റെ ലോഗോയും പേരും തെളിഞ്ഞു. അതിന് മുമ്പ് ആകാശത്ത് നെയ്മറുടെ അർധകായ ചിത്രം ലേസർ രശ്മികൾ വരച്ചിട്ടിരുന്നു. നെയ്മർ മൈതാനി നടുവിൽനിന്ന് ആവേശത്തിരയടിക്കുന്ന ഗാലറികളിലേക്ക് നോക്കി സ്നേഹചുംബനങ്ങൾ പറത്തി.
ആരാധകർ തിരിച്ചും ചുംബനങ്ങൾ പറത്തി ആർത്തുവിളിച്ചു. ഇനി ഞാൻ അൽഹിലാലി എന്ന് നെയ്മർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ഗാലറികൾ ഇളകിമറിഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആരാധകർ റിയാദ് നഗരത്തിെൻറ കിഴക്കുഭാഗത്തെ ബഗ്ലഫിലേക്ക് കിങ് ഫഹദ് സ്റ്റേഡിയം ലക്ഷ്യമാക്കി പ്രവഹിച്ചുതുടങ്ങിയിരുന്നു. വൈകീട്ട് അഞ്ച് മണിയാകുേമ്പാഴേക്കും ഗാലറികൾ മുഴുവൻ നിറഞ്ഞുകവിഞ്ഞു.
പി.എസ്.ജി വിട്ട താരം രണ്ട് വർഷത്തേക്കാണ് അൽഹിലാലുമായി കരാറൊപ്പിട്ടത്. 2,664 കോടി രൂപയാണ് പ്രതിഫലം. നെയ്മറിനെ വിട്ടുനൽകിയ പി.എസ്.ജിക്ക് 832 കോടി രൂപയും അൽ ഹിലാൽ കൈമാറും. വെള്ളിയാഴ്ച രാത്രിയിലാണ് നെയ്മർ റിയാദിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.