കൊച്ചി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) പങ്കെടുക്കണമെങ്കിൽ ഫുട്ബാൾ ക്ലബുകൾ 25,000 രൂപ വീതം പ്രവേശന ഫീസ് നൽകണമെന്ന കേരള ഫുട്ബാൾ അസോസിയേഷന്‍റെ സർക്കുലറിനെതിരായ ഹരജിയിൽ ഇടപെടാതെ ഹൈകോടതി തള്ളി.
കേരള ഫുട്ബാൾ അസോസിയേഷൻ സ്വകാര്യ സംഘടനയാണെന്നും ഇത്തരം കേസുകൾ ഹൈകോടതിയുടെ പരിഗണനയിൽ വരില്ലെന്നും വിലയിരുത്തിയാണ് മുൻ ഇന്ത്യൻ താരം പി.പി. തോബിയാസ് അടക്കമുള്ളവർ നൽകിയ ഹരജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്. അതേസമയം, ഹരജിക്കാർക്ക് വിഷയം ബന്ധപ്പെട്ട ഫോറത്തിൽ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
ഈ വർഷം മുതൽ കെ.പി.എല്ലിൽ പങ്കെടുക്കാൻ ക്ലബുകൾ 25,000 രൂപ പ്രവേശന ഫീസ് നൽകണമെന്നായിരുന്നു സർക്കുലർ. 7.5 ലക്ഷം രൂപ നിക്ഷേപിക്കാൻ തയാറായാൽ കോർപറേറ്റ് എൻട്രിയും അനുവദിച്ചിരുന്നു. കേരള ഫുട്ബാൾ അസോസിയേഷന് സർക്കാർ സഹായമടക്കം ലഭിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാനാകില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
മറ്റൊരു സംസ്ഥാനത്തും പ്രവേശന ഫീസ് രീതി നിലവിലില്ലെന്നും വ്യക്തമാക്കി. ഫുട്ബാൾ അസോസിയേഷനുകൾ അസോസിയേഷൻ നിയമപ്രകാരമാണ് ടൂർണമെന്‍റുകൾ നടത്തുന്നതെന്നും കേരള ഫുട്ബാൾ അസോസിയേഷനുമേൽ മറ്റ് നിയന്ത്രണങ്ങളില്ലെന്നും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ടൂർണമെന്റ് നടത്താനുള്ള ചെലവ് സ്വയം കണ്ടെത്തുന്നതാണെന്ന് കേരള ഫുട്ബാൾ അസോസിയേഷനും അറിയിച്ചു. അസോസിയേഷനുകളുടെ വിശദീകരണംകൂടി പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.