റിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത ആറ് ഗോളിന് തകർത്ത് അൽ ഹിലാൽ എഫ്.സി. സൂപ്പർ താരം നെയ്മറില്ലാതെ ഇറങ്ങിയ സൗദി ക്ലബ് സ്വന്തം മൈതാനത്ത് നിറഞ്ഞാടിയപ്പോൾ മുംബൈക്ക് മൂന്നാം കളിയിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അലക്സാണ്ടർ മിട്രോവിചിന്റെ ഹാട്രിക്കാണ് ഹിലാലിന് വൻ ജയം സമ്മാനിച്ചത്.
5, 67, 80 മിനിറ്റുകളിലായിരുന്നു മിട്രോവിചിന്റെ ഗോൾ. മിലിൻകോവിച് സാവിചും (75), അൽ ബുറൈകും അൽ മാലികിയും (90+5) സ്കോർ ചെയ്തതോടെ മുംബൈയുടെ പതനം പൂർണമായി. അഞ്ചാം മിനിറ്റിൽ ഗോൾ വഴങ്ങിയ ശേഷം മണിക്കൂറിലധികം പിടിച്ചുനിന്ന ഇന്ത്യൻ സൂപ്പർ ലീഗ് സംഘത്തെ പക്ഷേ കാത്തിരുന്നത് കനത്ത തോൽവിയാണ്.
ഗ്രൂപ് ഡിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ഇറാനിയൻ ക്ലബായ എഫ്.സി നാസാജി മാസന്ദറനിനോട് 0-2നും ഉസ്ബകിസ്താനിലെ പി.എഫ്.സി നവബഹോർ നമംഗനോട് 0-3നും ഇവർ പരാജയം രുചിച്ചിരുന്നു. അൽ ഹിലാൽ (7) ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗ്രൂപ്പിൽ പോയന്റൊന്നുമില്ലാതെ നാലാമതാണ് മുംബൈ. ഹിലാലിനെതിരായ ഹോം മാച്ച് നവംബർ ആറിന് മുംബൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.