കൊൽക്കത്ത: ഐ ലീഗ് കിരീടനേട്ടത്തിന്റെ ചൂടാറും മുമ്പ് ഗോകുലം കേരള ഫുട്ബാൾ ക്ലബ് എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) കപ്പ് പോരാട്ടങ്ങൾക്കിറങ്ങുന്നു. വൻകരയിലെ ക്ലബുകൾ കരുത്ത് മാറ്റുരക്കുന്ന മത്സരങ്ങൾക്ക് ബുധനാഴ്ച കിക്കോഫ്. 27 അസോസിയേഷനുകളെ പ്രതിനിധാനംചെയ്തെത്തുന്ന 38 ഫുട്ബാൾ ക്ലബുകളിൽ മികച്ചവരെ കണ്ടെത്താനുള്ള ടൂർണമെന്റ് മേയ് 18 മുതൽ ഒക്ടോബർ 22 വരെ ഏഷ്യയിലെ വിവിധ വേദികളിൽ നടക്കും.
ഗ്രൂപ് ഡി.യിലാണ് ദക്ഷിണേഷ്യൻ ടീമുകളായ ഗോകുലം, കൊൽക്കത്ത എ.ടി.കെ മോഹൻബഗാൻ (ഇന്ത്യ), ബസുന്ധര കിങ്സ് (ബംഗ്ലാദേശ്), മാസിയ എസ്.സി (മാലദ്വീപ്) എന്നിവ. ഈ ഗ്രൂപ്പിൽ ഇന്ന് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ എ.ടി.കെയെ ഗോകുലവും ബസുന്ധരയെ മാസിയ എസ്.സിയെയും നേരിടും.
ഗോകുലത്തിന് അരങ്ങേറ്റം
ഇതാദ്യമായാണ് ഗോകുലം എ.എഫ്.സി കപ്പിന് യോഗ്യത നേടുന്നത് എന്ന പ്രത്യേകതയുണ്ട്. 2020-21ലെ ഐ ലീഗ് ജേതാക്കളെന്ന നിലയിലാണ് ഗോകുലം യോഗ്യരായത്. തുടർച്ചയായ രണ്ടാം കിരീടവും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് നാലു ദിവസം മാത്രം പിന്നിടുമ്പോഴാണ് കേരള സംഘത്തിന് അതേവേദിയിൽ വൻകര പോരാട്ടം.
കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനു വേണ്ടി ജയ് വിളിക്കാനെത്തിയ ആയിരങ്ങൾക്ക് മുന്നിൽ 2-1ന്റെ ജയത്തോടെ ഗോകുലം രണ്ടാം തവണയും ഐ ലീഗ് പിടിച്ചു. ഇതു കൂടാതെ ഡ്യൂറൻഡ് കപ്പും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടങ്ങളുമാണ് പ്രധാനമായും ഷെൽഫിലുള്ളത്. ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ടീമില്‍ തിരിച്ചെത്തും. മുന്നേറ്റതാരം ലൂക്ക മെയ്സനും ഗോകുലത്തിന് കരുത്തേകും. മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം ഒരുങ്ങിയിട്ടുണ്ടെന്ന് പരിശീലകന് അന്നീസെ വ്യക്തമാക്കി. ഐ ലീഗ് കഴിഞ്ഞാണ് വരുന്നത്. ഉടന്‍തന്നെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കുന്ന പ്രശ്നമുണ്ട്. എങ്കിലും ജയിക്കാന്‍വേണ്ടി മാത്രമാണ് മലബാറിയന്‍സ് കളത്തിലിറങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യൻ റൗണ്ട്
ഗോകുലം കേരള x എ.ടി.കെ മോഹൻബഗാൻ
ബസുന്ധര കിങ്സ് x മാസിയ എസ്.സി
എ.ടി.കെ മോഹൻബഗാൻ x ബസുന്ധര കിങ്സ്
ഗോകുലം കേരള x മാസിയ എസ്.സി
ഗോകുലം കേരള x ബസുന്ധര കിങ്സ്
എ.ടി.കെ മോഹൻബഗാൻ x മാസിയ എസ്.സി
(എല്ലാ മത്സരങ്ങളും കൊൽക്കത്തയിൽ)
യോഗ്യത കടന്ന് എ.ടി.കെ
2020-21 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണറപ്പായ എ.ടി.കെ ബഗാൻ എ.എഫ്.സി കപ്പിന്റെ പ്രിലിമിനറി, പ്ലേ ഓഫ് റൗണ്ടുകൾ കടന്നാണ് യോഗ്യരായത്. ദേശീയ താരങ്ങള്‍ അടക്കം താരങ്ങളുണ്ട്. ടീം മികച്ച രീതിയിലാണ് ഒരുങ്ങിയിട്ടുള്ളത്. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ജേതാക്കളാണ് ബസുന്ധര കിങ്സ്. മാസിയ മാലദ്വീപിലെ ധിവേഹി പ്രീമിയർ ലീഗിലെ ഒന്നാമന്മാരും. 21ന് ബഗാൻ-ബസുന്ധര, ഗോകുലം-മാസിയ, 24ന് ഗോകുലം-ബസുന്ധര, ബഗാൻ -മാസിയ മത്സരങ്ങളും കൊൽക്കത്തയിൽ നടക്കും. യഥാക്രമം വൈകീട്ട് 4.30നും രാത്രി 8.30നുമാണ് മത്സരങ്ങളെല്ലാം.
ഗ്രൂപ് ജേതാക്കൾ സോണൽ സെമി ഫൈനലിൽ പ്രവേശിക്കും. ആസിയൻ, പശ്ചിമ, മധ്യ, ദക്ഷിണ, പൂർവ ഏഷ്യൻ രാജ്യങ്ങളെ പത്ത് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് എ.എഫ്.സി കപ്പിൽ വലിയ മേൽവിലാസമില്ലായിരുന്നു. എന്നാൽ, 2016ൽ ബംഗളൂരു എഫ്.സി ഫൈനലിലെത്തിയതോടെ രാജ്യത്തെ ഫുട്ബാൾപ്രേമികളുടെ ശ്രദ്ധ പടിച്ചുപറ്റി ടൂർണമെന്റ്. ഇറാഖിലെ അൽഖുവ അൽജാവിയ ക്ലബിനോട് ഏക ഗോളിന് തോൽക്കുകയായിരുന്നു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇത്തവണ രണ്ട് വിജയങ്ങൾ നേടി ഗ്രൂപ്പിൽ രണ്ടാമന്മാരായിരുന്നു മുംബൈ എഫ്.സി. എ.എഫ്.സി കപ്പ് ജേതാക്കൾക്കും ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾക്കുമെല്ലാം എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.