പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മറും ഇനി സൗദി പ്രോ ലീഗിൽ. സൗദിയിലെ അൽ ഹിലാൽ ക്ലബ് പി.എസ്.ജിയുമായി ധാരണയിലെത്തിയതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 90 ദശലക്ഷം യൂറോക്കാണ് കരാർ. രണ്ടു വർഷം താരം അൽ ഹിലാൽ നിരയിലുണ്ടാകും. റൂബൻ നെവസ്, ഖാലിദു കൗലിബാലി, സെർഗേജ് മിലിങ്കോവിച് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ നെയ്മർക്കൊപ്പമുണ്ടാകും.
അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മർ അൽ ഹിലാലുമായി ഉടൻ കരാർ ഒപ്പുവെച്ചേക്കുമെന്ന് ട്രാൻസ്ഫർ ലോകത്തെ വിദഗ്ധനായ ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയും ട്വീറ്റ് ചെയ്തിരുന്നു. അൽഹിലാൽ രണ്ടു വർഷത്തെ കരാറിനായുള്ള ഔപചാരിക രേഖകൾ തയാറാക്കുകയാണെന്നും മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും റൊമാനോ വ്യക്തമാക്കിയിരുന്നു. എന്നാൽ, സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 173 മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.