മാഞ്ചസ്റ്റര്‍ സിറ്റി ജഴ്‌സിയിലെ അരങ്ങേറ്റത്തില്‍ കാര്യമായൊന്നും ചെയ്യാനാകാതെ പോയ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിന് സമയം അനുവദിക്കണമെന്ന് ക്ലബ് ഇതിഹാസം സെര്‍ജിയോ അഗ്യുറോ. ജര്‍മനിയില്‍ ബൊറൂസിയ ഡോർട്മുണ്ടിനായി ഗോളടിച്ച് കൂട്ടിയ ഹാലന്‍ഡിന് പ്രീമിയര്‍ ലീഗിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ സമയം അനിവാര്യം. ജര്‍മനിയില്‍ വര്‍ഷങ്ങളായി കളിച്ചു കൊണ്ടിരുന്ന യുവതാരം പെട്ടെന്ന് മറ്റൊരു രാജ്യത്തെ ലീഗ് കളിക്കുമ്പോള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഹാലന്‍ഡിനും ബാധകമാണ്.
അതുകൊണ്ട്, അയാള്‍ക്ക് ഫോം കണ്ടെത്താന്‍ സമയം അനുവദിക്കണം. കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനോട് 3-1ന് സിറ്റി പരാജയപ്പെട്ടത് ഹാലന്‍ഡിന് ചെറിയൊരു ഷോക്കായി. കാരണം, തനിക്കൊപ്പം പ്രീമിയര്‍ ലീഗിലെത്തിയ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ നുനെസ് ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും നിറഞ്ഞാടി. പ്രീമിയര്‍ ലീഗിന്റെ വേഗതയുമായി പൊരുത്തപ്പെട്ടു നില്‍ക്കുന്ന സൂപ്പര്‍ താരം റഹീം സ്റ്റെര്‍ലിങ്ങിനെ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിക്ക് നല്‍കിയത് വിചിത്ര തീരുമാനമായെന്ന് അഗ്യുറോ. എനിക്ക് മനസിലാകുന്നില്ല അവരെ (മാഞ്ചസ്റ്റര്‍ സിറ്റി). ചില നേരങ്ങളില്‍ വിചിത്രമായ തീരുമാനങ്ങളാണ് എടുക്കുക -അര്‍ജന്റൈന്‍ താരം പറഞ്ഞു.
റിവല്‍പ്ലേറ്റില്‍നിന്ന് സിറ്റിയിലെത്തിയ ജൂലിയന്‍ അല്‍വാരോ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജീവിതത്തെ കുറിച്ച് തന്നോട് ചോദിച്ചിരുന്നുവെന്ന് അഗ്യുറോ വെളിപ്പെടുത്തി. ഇനിയങ്ങോട്ട് നല്ല തണുപ്പായിരിക്കും! ഇതായിരുന്നു അഗ്യുറോ നല്‍കിയ മറുപടി. പുതിയ സീസണിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെത്തിച്ചത് നാല് പേരെയാണ്. എര്‍ലിങ് ഹാലന്‍ഡ്, അല്‍വാരസ്, ലീഡ്‌സ് യുനൈറ്റഡിന്റെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ കാല്‍വിന്‍ ഫിലിപ്, ഫ്രീ ട്രാന്‍സ്ഫറില്‍ രണ്ടാം ഗോളി സ്‌റ്റെഫാന്‍ ഒര്‍ടെഗ എന്നിവരെ.
ആഗസ്റ്റ് ഏഴിന് വെസ്റ്റ്ഹാം യുനൈറ്റഡുമായിട്ടാണ് സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.