ഇതാണ് കട്ടക്ക് കട്ട പോരാട്ടം! പെനാൽറ്റി ഷൂട്ടൗട്ടിൽ 34 കിക്കുകൾ; വിജയം 13-12ന്; ആവേശ പോരിൽ ജയം പിടിച്ചെടുത്ത് അയാക്സ്

ആംസ്റ്റർഡാം: ആവേശ സമനിലക്കൊടുവിൽ വിജയികളെ തീരുമാനിക്കാൻ പതിവുപോലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുന്നു, ആകെ 34 പെനാൽറ്റി കിക്കുകൾ. 25 മിനിറ്റ് നീണ്ടുനിന്ന മരത്തൺ ഷൂട്ടൗട്ടിൽ ഒടുവിൽ 13–12ന്‍റെ വിജയവുമായി നെതർലൻഡ്സ് ക്ലബ് അയാക്സ് യൂറോപ്പാ ലീഗ് പ്ലേ ഓഫ് റൗണ്ട് യോഗ്യത നേടി. ഗ്രീക്ക് ക്ലബ് പനാത്തിനായ്ക്കോസിനെ വീഴ്ത്തിയാണ് ഡച്ച് ക്ലബ് പ്ലേ ഓഫ് റൗണ്ട് യോഗ്യത ഉറപ്പിച്ചത്.

പെനാൽറ്റി ഷൂട്ടൗട്ടിലെ മൊത്തം കിക്കുകളുടെ എണ്ണം മാത്രം മതി, കടുത്ത പോരാട്ടത്തിന്‍റെ ഏകദേശ ചിത്രം മനസ്സിലാക്കാൻ. ഇരു പാദങ്ങളിലും ഇരു ടീമുമകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഗോൾകീപ്പർ റെംകോ പസ്‌വീറിന്‍റെ തകർപ്പൻ പ്രകടനമാണ് അയാകിസിന് വിജയം സമ്മാനിച്ചത്. അഞ്ച് പെനാൽറ്റി കിക്കുകൾ രക്ഷപ്പെടുത്തുകയും ഒരു പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു ഈ നാൽപ്പതുകാരൻ. പ്രതിരോധ താരം ആന്‍റൺ ഗയേയിയാണ് ടീമിന്‍റെ വിജയ കിക്ക് ലക്ഷ്യത്തിലെത്തിച്ചത്.

നെതർലൻഡ്സ് ദേശീയ താരമായ സ്ട്രൈക്കർ ബ്രയാൻ ബ്രോബറി രണ്ടു കിക്കുകൾ നഷ്ടപ്പെടുത്തി. ബെർട്രാൻഡ് ട്രാവോർ, യൂറി ബാസ് എന്നിവരും ഓരോ കിക്കുകൾ നഷ്ടമാക്കി. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളൊണാണിത്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ സീറ യുനൈറ്റഡ് 14–13ന് ഗ്ലെന്‍റോറൻസിനെ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - Ajax beat Panathinaikos 13-12 in marathon UEFA Europa League qualifier shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.