സൗദി പ്രോ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ സൂപ്പർതാരം കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനെ വീഴ്ത്തി അൽ ഹിലാൽ. ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹിലാൽ ജയം സ്വന്തമാക്കിയത്.
പിന്നിൽനിന്നശേഷമാണ് ഹിലാൽ മത്സരത്തിലേക്ക് തിരിച്ചുവന്നത്. സെർബിയൻ താരം അലക്സാണ്ടർ മിത്രോവിച് ഹിലാലിനായി ഹാട്രിക് നേടി. ജയത്തോടെ ഹിലാൽ ഇത്തിഹാദിനെ പിന്തള്ളി പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ബ്രസീലിയൻ താരം റൊമാരിഞ്ഞോയിലൂടെ 16ാം മിനിറ്റിൽ ഇത്തിഹാദാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 20 മിനിറ്റിൽ മിത്രോവിചിലൂടെ ഹിലാൽ ഒപ്പമെത്തി. 38ാം മിനിറ്റിൽ നായകൻ ബെൻസേമയിലൂടെ ഇത്തിഹാദ് വീണ്ടും മുന്നിലെത്തി. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ മൊറോക്കൻ താരം അബ്ദുൽ റസാഖ് ഹംദല്ലയിലൂടെ ഇത്തിഹാദ് ലീഡ് ഉയർത്തി.
രണ്ടാംപകുതിയിൽ പകരക്കാരനായി ബ്രസീലിയൻ താരം മൈക്കൽ റിച്ചാർഡ് ഡെൽഗാഡോ കളത്തിലെത്തിയതാണ് ഹിലാലിന് കരുത്തായത്. ഇതിനിടെ ബെൻസേമയുടെ തുടരെ തുടരെയുള്ള ഗോൾ ശ്രമങ്ങൾ ഹിലാൽ ഗോളി യാസീൻ ബൗനു വിഫലമാക്കി. 61ാം മിനിറ്റിൽ മൈക്കളിന്‍റെ ക്രോസിൽനിന്ന് മിത്രോവിച് രണ്ടാം ഗോൾ നേടി. 65ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മിത്രോവിച്ച് മത്സരത്തിൽ ഹിലാലിനെ ഒപ്പമെത്തിച്ചു.
71ാം മിനിറ്റിൽ സലീം അൽ-ദോസരിയാണ് ഹിലാലിന്‍റെ വിജയ ഗോൾ നേടിയത്. അഞ്ചു മത്സരങ്ങളിൽനിന്ന് 13 പോയന്‍റാണ് ഹിലാലിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 12 പോയന്‍റുള്ള ഇത്തിഹാദ് രണ്ടാമതും. പരിക്കിനെ തുടർന്ന് ഹിലാലിനുവേണ്ടിയുള്ള ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ അരങ്ങേറ്റം വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.