പാരിസ്: ഖത്തറിലെ ലോകകപ്പ് ജയിച്ച് പാരിസിലെത്തിയപ്പോൾ വിശ്വജേതാവെന്ന നിലയിലുള്ള അംഗീകാരം കിട്ടിയില്ലെന്ന അർജന്റീനാ നായകൻ ലയണൽ മെസ്സിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് പാരിസ് സെന്റ് ജെർമെയ്ൻ ക്ലബ് അധികൃതർ. മെസ്സിക്ക് തങ്ങൾ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ, ഫൈനലിൽ അർജന്റീന കീഴടക്കിയ ടീമായ ഫ്രാൻസിലെ ഒരു ക്ലബാണ് പി.എസ്.ജി എന്നതിനാൽ വമ്പൻ ‘ആഘോഷ’ങ്ങൾക്ക് പരിമിതിയുണ്ടെന്നും ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലീഫി പറഞ്ഞു.
‘പുറത്ത് ഇതേക്കുറിച്ച് ഒരുപാട് സംസാരം കേട്ടു. അദ്ദേഹം എന്താണ് പറഞ്ഞതെന്നോ എന്താണ് പറയാതിരുന്നതെന്നോ എനിക്കറിയില്ല. ഞങ്ങൾ അതേക്കുറിച്ച് (മെസ്സിയുടെ ലോകകപ്പ് നേട്ടം) ഒരു വിഡിയോ വരെ പുറത്തിറക്കിയത് എല്ലാവരും കണ്ടതാണ്. മെസ്സിയെ ഞങ്ങൾ പരിശീലനത്തിൽ അഭിനന്ദിച്ചു. സ്വകാര്യമായ അഭിനന്ദന ചടങ്ങാണ് സംഘടിപ്പിച്ചത്. എല്ലാ ബഹുമാനവുമുള്ളപ്പോഴും ഞങ്ങളുടേത് ഒരു ഫ്രഞ്ച് ക്ലബാണ്’ -ഖലീഫി ചൂണ്ടിക്കാട്ടി.
വലിയ പാർട്ടി ഇതിന്റെ പേരിൽ സംഘടിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലായിരുന്നുവെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു. ‘അദ്ദേഹം പരാജയപ്പെടുത്തിയ രാജ്യത്തെയും ക്ലബിലെ ഫ്രഞ്ച് ടീമംഗങ്ങളെയും ഞങ്ങളുടെ ആരാധകരെയും കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ ഒരു പാർട്ടി സംഘടിപ്പിക്കുകയെന്നത് സൂക്ഷ്മമായി ആലോചിച്ച് ചെയ്യേണ്ട കാര്യവുമായിരുന്നു’ -ഖലീഫി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച നൽകിയ ഒരു അഭിമുഖത്തിലാണ് ലോകകപ്പ് നേട്ടത്തിൽ തന്റെ ക്ലബായ പി.എസ്.ജിയിൽ അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന പരിഭവം മെസ്സി പങ്കുവെച്ചത്. ‘അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങൾ കാരണമാണെന്ന് കരുതുന്ന സ്ഥലത്തായിരുന്നു ഞാൻ. ലോകകപ്പ് ജയിച്ച ടീമിൽ ഞാൻ ഒഴികെ ബാക്കി 25 പേർക്കും അവരുടെ ക്ലബുകളിൽനിന്ന് ആദരം ലഭിച്ചിട്ടുണ്ട്. അത് ലഭിക്കാതെ പോയ ഒരേയൊരു കളിക്കാരൻ ഞാനായിരുന്നു’- മെസ്സി പറഞ്ഞു.
‘യുനൈറ്റഡ് സ്റ്റേറ്റ്സിലെ ജീവിതത്തിൽ ഞാനും കുടുംബവും ഏറെ സന്തുഷ്ടരാണ്. പി.എസ്.ജിയിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നടന്നില്ല. എല്ലാം സംഭവിക്കുന്നതിനു പിന്നിൽ അതിന്റേതായ കാരണങ്ങളുണ്ടാകുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പാരിസിൽ കാര്യങ്ങൾ വിചാരിച്ചുപോലെ നടന്നില്ലെങ്കിലും അവിടെയുള്ളപ്പോഴാണ് ഞാൻ ലോകചാമ്പ്യനായത്’ -ഈ സീസണിൽ പി.എസ്.ജിയിൽനിന്ന് മേജർ ലീഗ് സോക്കറിലെ ഇന്റർമയാമിയിലേക്ക് കൂടുമാറിയ ഇതിഹാസ താരം അഭിമുഖത്തിൽ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.