ഹൈദരാബാദ്: ക്വാർട്ടർ ഫൈനലിൽ ഭദ്രമായ സ്ഥാനം തേടി സന്തോഷ് ട്രോഫിയിലെ കിരീട ഫേവറിറ്റുകളായ കേരളം ഞായറാഴ്ച വീണ്ടും കളത്തിൽ. ഗ്രൂപ് ബിയിൽ മൂന്നു കളികളും ജയിച്ച് ഒന്നാമതുള്ള കേരളത്തിന് രണ്ടാം സ്ഥാനക്കാരായ ഡൽഹിയാണ് എതിരാളികൾ. രണ്ടു ജയവും ഒരു തോൽവിയും ക്രെഡിറ്റിലുള്ള ഡൽഹിയെ കൂടി മലർത്തിയാൽ ഗ്രൂപ് ചാമ്പ്യൻപട്ടമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഗ്രൂപ് ചാമ്പ്യന്മാരാവുന്നതോടെ എ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരാവും ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ. സെമി ഫൈനലിലേക്കുള്ള വഴി സുഗമമാക്കാൻ കോച്ച് ബിബി തോമസിനും ശിഷ്യർക്കും ഡൽഹിക്കെതിരായ മത്സരം നിർണായകമാണ്. ഡൽഹിയുടെ അടുത്ത കളി ഗോവയുമായാണ് എന്നതിനാൽ ക്വാർട്ടർ പ്രവേശനത്തിന് രണ്ടിലൊരു ജയം ഡൽഹിക്കും അനിവാര്യമാണ്.
ക്വാർട്ടർ ബർത്തുറപ്പിച്ച സ്ഥിതിക്ക് ഇന്നത്തെ മത്സരത്തിൽ കോച്ച് ടീമിൽ കാര്യമായ മാറ്റം കൊണ്ടുവന്നേക്കും. കഴിഞ്ഞ മൂന്നു കളിയിലും സ്കോർ ചെയ്ത മുഹമ്മദ് അജ്സലടക്കം പതിവു ഇലവനിലെ ഏതാനും താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. സൈഡ് ബെഞ്ചിലുള്ള താരങ്ങൾക്ക് കൂടുതൽ പ്ലേ ടൈം നൽകും. പരമാവധി താരങ്ങൾക്ക് അവസരമൊരുക്കിയുള്ള ടീം ഗെയിമാണ് ബിബി തോമസ് ആസൂത്രണം ചെയ്യുന്നത്. ഇത് ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കാനും സമ്മർദമില്ലാതെ താരങ്ങൾക്ക് കളിക്കാനും അവസരമൊരുക്കും. ആദ്യ മത്സരത്തിൽ ഗോവക്കെതിരെ നാലുഗോൾ സ്കോർ ചെയ്തിട്ടും മൂന്നുഗോൾ വഴങ്ങേണ്ടിവന്ന കേരളം പിന്നീട് മേഘാലയയുമായും ഒഡിഷയുമായും നടന്ന മത്സരങ്ങളിൽ പ്രതിരോധം കുറ്റമറ്റതാക്കിയിരുന്നു.
മേഘാലയയും ഒഡിഷയും കനത്ത ആക്രമണങ്ങൾ നടത്തിയിട്ടും കേരളം ഗോൾ വഴങ്ങാതിരുന്നത് പ്രതിരോധ നിരയുടെയും ബാറിന് കീഴിൽ പരിചയ സമ്പന്നനായ ഹജ്മലിന്റെ മികച്ച സേവുകളുടെയും പ്രകടന മികവിലായിരുന്നു. പ്രതിരോധം കനപ്പിച്ചുള്ള ആക്രമണം തന്നെയാകും ഡൽഹിക്കെതിരെയും കോച്ച് ബിബി തോമസിന്റെ തന്ത്രം. ഗ്രൂപ് റൗണ്ടിൽ 24ന് നടക്കുന്ന അവസാന മത്സരത്തിൽ താരതമ്യേന ദുർബലരായ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ.ഞായറാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളിൽ ഒഡിഷ തമിഴ്നാടിനെയും മേഘാലയ ഗോവയെയും നേരിടും. മേഘാലയക്ക് നാലും ഗോവ, ഒഡിഷ ടീമുകൾക്ക് മൂന്നു വീതം പോയൻറുമാണുള്ളത്.
ഹൈദരാബാദ്: മലയാളി കരുത്തിൽ രാജസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച സർവിസസ് ഒമ്പത് പോയന്റോടെ ശനിയാഴ്ച ഗ്രൂപ് എയിൽ നില ഭദ്രമാക്കി. മലയാളി താരങ്ങളായ വി.ജി ശ്രേയസ്, വിജയ് ജെറാൾഡ് എന്നിവർ സ്കോർ ചെയ്തു.
മറ്റൊരു മത്സരത്തിൽ തെലങ്കാനയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്ത ജമ്മുകശ്മീർ (4) അവസാന എട്ടിലേക്ക് പ്രതീക്ഷ നിലനിർത്തി. വിജയികൾക്കുവേണ്ടി ഹയാത്ത് ബഷീർ, അരുൺ നെഗിയാൽ, ആഖിഫ് ജാവേദ് എന്നിവർ ഗോൾ നേടി. രാജസ്ഥാനുമായുള്ള അവസാന മത്സരത്തിൽ സമനില നേടിയാലും ജമ്മുകശ്മീരിന് കടക്കാം. ഇതേ ഗ്രൂപ്പിൽ നിന്ന് ബംഗാളും മണിപ്പൂരും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.