റിയാദ്: റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിൽ ഇന്‍റർ മിയാമിയെ ഗോൾമഴയിൽ മുക്കി അൽ നസ്ർ. റിയാദിലെ കിങ്ഡം അരീനയിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തിരിന്നിട്ടും സൗദി ക്ലബ് ഏകപക്ഷീയമായ ആറു ഗോളിനാണ് ലയണൽ മെസ്സിയെയും സംഘത്തെയും കശക്കിയെറിഞ്ഞത്.
ബ്രസീൽ താരങ്ങളുടെ ചിറകിലേറിയായിരുന്നു അൽ നസ്റിന്‍റെ കുതിപ്പ്. സൂപ്പർതാരം ആൻഡേഴ്സൺ ടലിസ്ക മത്സരത്തിൽ ഹാട്രിക് നേടി. 10, 51 (പെനാൽറ്റി), 73 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ആദ്യ 12 മിനിറ്റിൽതന്നെ ഇന്‍റർ മിയാമിയുടെ വലയിൽ മൂന്നു തവണ പന്തെത്തിച്ച് സൗദി ക്ലബ് എതിരാളികളെ ഞെട്ടിച്ചു. ഒറ്റാവിയോ (മൂന്നാം മിനിറ്റിൽ), അയ്മെറിക് ലപോർട്ടെ (12ാം മിനിറ്റിൽ), മുഹമ്മദ് മരാൻ (68ാം മിനിറ്റിൽ) എന്നിവരും ഗോളുകൾ നേടി.
മെസ്സിയെ ബെഞ്ചിലിരുത്തിയാണ് മിയാമി കളത്തിലിറങ്ങിയത്. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒറ്റാവിയോയിലൂടെ അൽ നസ്ർ മുന്നിലെത്തി. ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ തൊടുത്ത കിടിലൻ ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ വലതു മൂലയിൽ. അധികം വൈകാതെ ടലിസ്ക് ഒരു മനോഹര ക്രോസിൽനിന്ന് ലീഡ് ഉയർത്തി. 12ാം മിനിറ്റിലായിരുന്നു മത്സരത്തിലെ അദ്ഭുത ഗോൾ പിറന്നത്.
60 വാരെ അകലെ നിന്നുള്ള ഫ്രീകിക്കാണ് ലപോർട്ടെ ഗോളാക്കിയത്. ഈസമയം ഗോളി ബോക്സിനു പുറത്തായിരുന്നു. 3-0 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും അൽ നസ്റിന്‍റെ മേധാവിത്വമായിരുന്നു. 52ാം മിനിറ്റിൽ പെനാൽറ്റി ടലിസ്ക ലക്ഷ്യത്തിലെത്തിച്ച് ലീഡ് വീണ്ടും വർധിപ്പിച്ചു. ഗോൾ മടക്കാനായി ഇന്‍റർ മിയാമി താരങ്ങൾ ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് രണ്ടു തവണ കൂടി സൗദി ക്ലബ് വലകുലുക്കി. ഹെഡറിൽനിന്നായിരുന്നു മരാന്‍റെ ഗോൾ. 73ാം മിനിറ്റിൽ മിയാമിയുടെ നെഞ്ചിൽ അവസാന ആണിയും അടിച്ച് ടലിസ്ക ഹാട്രിക് പൂർത്തിയാക്കി.. 84ാം മിനിറ്റിൽ മെസ്സി പകരക്കാരനായി കളത്തിലിറങ്ങുമ്പോൾ മിയാമി തോൽവി ഉറപ്പിച്ചിരുന്നു. പരിക്കേറ്റതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ കളിക്കാതിരുന്നത്. വി.ഐ.പി ഗാലറിയിൽ കളികാണാൻ താരവും ഉണ്ടായിരുന്നു.
മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നതിനാൽ അൽ നസ്ർ-ഇന്‍റർ മിയാമി പോരാട്ടത്തെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇനിയൊരു മെസ്സി-ക്രിസ്റ്റ്യാനോ നേർക്കുനേർ പോരാട്ടത്തിന് സാധ്യത വിദൂരമാണ്. റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തിലും മിയാമി തോറ്റിരുന്നു. സൗദി ക്ലബ് അൽ ഹിലാലിനോട് മൂന്നിനെതിരെ നാല് ഗോളിനാണ് ടീം പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.