ലണ്ടൻ: യൂറോപ ലീഗ് ഫുട്ബാളിന്‍റെ ആദ്യപാദ ക്വാര്‍ട്ടറിൽ സെവിയ്യക്കെതിരെ ജയം കൈവിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ രണ്ട് ഗോൾ ലീഡ് നേടിയ ശേഷം രണ്ട് സെൽഫ് ഗോൾ വഴങ്ങി സമനിലയിൽ കുടുങ്ങുകയായിരുന്നു. 21 മിനിറ്റിനകം മാര്‍സെൽ സബിറ്റ്സർ നേടിയ ഇരട്ട ഗോളുകളിൽ മുന്നിലെത്തിയ യുനൈറ്റഡിന് പ്രതിരോധ താരങ്ങളായ റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനസും പരിക്കേറ്റ് തിരിച്ചു കയറിയത് വിജയം തന്നെ നഷ്ടപ്പെടുത്തി. 14, 21 മിനിറ്റുകളിലായിരുന്നു സബിറ്റ്സറുടെ ഗോളുകൾ. ബ്രൂണോ ഫെർണാണ്ടസ് ബോക്സിലേക്ക് നൽകിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഏഴ് മിനിറ്റിനകം ആന്റണി മാർഷൽ നീട്ടിനൽകിയ പന്ത് ഓടിയെടുത്ത് സബിറ്റ്സർ ലീഡ് ഇരട്ടിയാക്കി. എന്നാല്‍, 84ാം മിനിറ്റില്‍ ടൈറല്‍ മലാഷ്യയും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഹാരി മഗ്വയറും സ്വന്തം വലയിൽ പന്തെത്തിക്കുകയായിരുന്നു.
പരിക്കേറ്റ വരാനെ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്ക് ഏപ്രിൽ 20ന് നടക്കുന്ന രണ്ടാംപാദ മത്സരം നഷ്ടമാകും. സസ്പപെൻഷനിലുള്ള ബ്രൂണോ ഫെർണാണ്ടസിനും ഈ മത്സരത്തിൽ ഇറങ്ങാനാവില്ല. ലിസാൻഡ്രോ മാർട്ടിനസിന്‍റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. സെവിയ്യ ടീമിൽ മാർകസ് അക്യൂനോയും ഗോസാലോ മോണ്ടിയേലും ഉൾപ്പെടെ നാല് അർജന്‍റീന താരങ്ങളാണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. അർജന്റീനക്കാരനായ ലിസാൻഡ്രോ പരിക്കേറ്റ് വീണപ്പോൾ ഇവർ താരത്തെ സ്ട്രക്ചറിൽ കൊണ്ടുപോകാൻ സഹായിച്ചത് കാണികൾ കൈയടിയോടെയാണ് സ്വീകരിച്ചത്.
തകർപ്പൻ ഫോമിലുള്ള സ്ട്രൈക്കർ മാർകസ് റാഷ്ഫോഡ് പരിക്ക് കാരണം യുനൈറ്റഡിനായി കളത്തിലിറങ്ങിയിരുന്നില്ല. മറ്റൊരു മത്സരത്തില്‍ യുവന്‍റസ് എതിരില്ലാത്ത ഒരു ഗോളിന് സ്പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തി. 73ാം മിനിറ്റിൽ ഫെഡറികോ ഗാറ്റിയാണ് വിജയഗോൾ നേടിയത്. 21ന് സ്പോര്‍ട്ടിംഗിന്‍റെ മൈതാനത്താണ് രണ്ടാം പാദ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.