സൗദിയിൽനിന്നുള്ള ഓഫറുകൾ തള്ളി; എയ്ഞ്ചൽ ഡി മരിയ ബെൻഫിക്കയിൽ

പോർ​ട്ടോ: സൗദി ക്ലബുകളിൽനിന്നുള്ള വമ്പൻ വാഗ്ദാനങ്ങളോട് മുഖംതിരിച്ച് അർജന്റീനയുടെ സൂപ്പർ ഫുട്ബാളർ എയ്ഞ്ചൽ ഡി മരിയ പോർചുഗീസ് ക്ലബായ എസ്.എൽ. ബെൻഫിക്കയിൽ തിരിച്ചെത്തി. നേരത്തേ, 2007 മുതൽ 2010 വരെ ​ബെൻഫിക്കയുടെ താരമായിരുന്നു ഡി മരിയ.

‘വെൽക്കം ഹോം, ഡി മരിയ!’ 35-കാരന്റെ മടങ്ങിവരവ് സ്ഥിരീകരിച്ച് പുറത്തിറക്കിയ വിഡിയോയിൽ ബെൻഫിക്ക വ്യക്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ലോകകപ്പ് ജേതാവായ മുന്നേറ്റക്കാരൻ ബെൻഫിക്കയുമായി ഒപ്പുചാർത്തിയതെന്നാണ് സൂചന. യൂറോപ്യൻ ഫുട്ബാളിന്റെ പോരാട്ടവീഥികളിൽ ഈ അനുഗൃഹീത ഫുട്ബാളർ ഒരു സീസൺ കൂടി തുടരുമെന്ന് ഇതോടെ ഉറപ്പായി. സൗദി അ​റേബ്യൻ ക്ലബുകൾക്ക് പുറമെ, അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബുകളും ഡി മരിയയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു.

അർജന്റീനയിലെ റൊസാരിയോ സെൻട്രൽ ക്ലബിൽനിന്നാണ് 2007ൽ ഡി മരിയ ബെൻഫിക്കയിലെത്തിയത്. 2010മുതൽ 2014 വരെ സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡിന്റെ മുന്നണിപ്പോരാളിയായിരുന്നു. പിന്നീട് ഒരു സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായരായ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം.

2015 മുതൽ 2022 വരെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ താരമായിരുന്നു. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ യുവന്റസിന്റെ ജഴ്സിയിൽ. ക്ലബുമായുള്ള കരാർ അവസാനിച്ചശേഷം ഫ്രീ ട്രാൻസ്ഫറിലാണ് പഴയ തട്ടകമായ ബെൻഫിക്കയിൽ തിരിച്ചെത്തുന്നത്. ലോകകപ്പ് ജയിച്ച അർജന്റീന ടീമിൽ പ്രതിരോധ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച നിക്കോളാസ് ഒടാമെൻഡി ബെൻഫിക്കയിൽ ഡി മരിയക്ക് കൂട്ടുണ്ടാവും.

Tags:    
News Summary - Angel Di Maria Snubs Saudi For Second Spell At Benfica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.