ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾ തികയുന്നതിന് മുൻപ് യു.എ.ഇ മറ്റൊരു ലോകകപ്പിലേക്ക് കാലെടുത്തുവെക്കുന്നു. ഇത്തവണ ഇമാറാത്തിനെ തേടിയെത്തിയിരിക്കുന്നത് ഫിഫ ക്ലബ് ലോകകപ്പാണ്. ഖത്തർ ലോകകപ്പിലേക്ക് ആവേശം നിറക്കുന്ന രീതിയിലാണ് ക്ലബ് ലോകകപ്പ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി റോഡ്ഷോയും ട്രോഫി ടൂറുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി മൂന്ന് മുതൽ 12 വരെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലും അൽ നഹ്യാൻ സ്റ്റേഡിയത്തിലുമാണ് മത്സരം. വിവിധ ലീഗുകളിലെ ചാമ്പ്യൻമാരാണ് ഫിഫയുടെ കലാശപ്പോരിലേക്ക് യു.എ.ഇയിൽ എത്തുന്നത്.
യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസിയാണ് ടൂർണമെന്റിന്റെ മുഖ്യ ആകർഷണം. ഏഷ്യൻ പ്രതിനിധികളായ അൽ ഹിലാൽ, യു.എ.ഇയിലെ ചാമ്പ്യൻമാരായ അൽ ജസീറ, ഓഷ്യാനിയ ഫുട്ബാൾ കോൺഫെഡറേഷനെ പ്രതിനിധീകരിച്ച് എ.എസ് പിറേ, സൗദി അറേബ്യയുടെ ഹിലാൽ, ആഫ്രിക്കൻ ചാമ്പ്യൻമാരായ അൽ അഹ്ലി, കോൺകക്കാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മോൺടെറി, കോപ ലിബർടഡോർസ് ജേതാക്കളായ പൾമീറാസ് എന്നീ എട്ട് ക്ലബ്ബുകളാണ് മാറ്റുരക്കുന്നത്.
ഇത് അഞ്ചാം തവണയാണ് അബൂദബിയിൽ ക്ലബ്ബ് ലോകകപ്പ് വിരുന്നെത്തുന്നത്. കഴിഞ്ഞ മാസം ജപ്പാനിൽ നടക്കേണ്ട ടൂർണമെൻറാണ് കോവിഡിനെ തുടർന്ന് അബൂദബിയിലേക്ക് മാറ്റിയത്. കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്കത്തിയ നിരവധി ടൂർണമെന്റുകളിൽ ഒടുവിലത്തേതാണിത്. ചെൽസിയുടെ ആദ്യ മത്സരം ഫെബ്രുവരി എട്ടിനാണ്. ചെൽസിയും പൾമീറാസും നേരിട്ട് സെമിയിലാണ് കളിക്കുക. വൈകുന്നേരം 5.30നും രാത്രി 8.30നുമാണ് മത്സരങ്ങൾ. ഫെബ്രുവരി 12ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും കാണികളെ പ്രവേശിപ്പിക്കുക. അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണമെന്നും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും നിർദേശമുണ്ട്.
2009, 2010, 2017, 2018 എന്നീ വർഷങ്ങളിലാണ് അബൂദബിയിൽ ക്ലബ്ബ് ലോകകപ്പ് നടന്നത്. ബാഴ്സലോണ, ഇന്റർമിലാൻ എന്നീ ടീമുകൾ ഓരോ തവണ ജേതാക്കളായപ്പോൾ റയൽ മഡ്രിഡ് രണ്ട് തവണ കിരീടം ചൂടി. അവസാനം നടന്ന 2018ലെ ടൂർണമെന്റിൽ റയൽ മഡ്രിഡായിരുന്നു ജേതാക്കൾ. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമധികം ഗോൾ പിറന്നതും ഈ വർഷമായിരുന്നു. 33 തവണ വലകുലുങ്ങിയ ഈ ടൂർണമെന്റിൽ ഓരോ മത്സരത്തിലും ശരാശരി 4.1 ഗോൾ വീതം പിറന്നു. യു.എ.ഇയിൽ നിന്നുള്ള ആദ്യ ടീം ഫൈനലിലെത്തിയതിനും ഈ ടൂർണമെന്റ് സാക്ഷ്യം വഹിച്ചിരുന്നു.
അൽഐനാണ് ഫൈനലിൽ റയൽ മഡ്രിഡിനോട് ഏറ്റുമുട്ടിയത്. 1-4നായിരുന്നു റയലിന്റെ കിരീടധാരണം.
20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. FIFA.com/ticket എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫൈനലിന്റെ ടിക്കറ്റ് 50 ദിർഹം മുതൽ 200 ദിർഹം വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.