മൂന്നടിച്ച് അർജന്‍റീന; കോസ്റ്റാറിക്കക്കെതിരെ തകർപ്പൻ ജയം

ഒരു ഗോളിന് പിന്നിൽനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് അർജന്‍റീനയുടെ തകർപ്പൻ തിരിച്ചുവരവ്. രാജ്യാന്തര സൗഹൃദ മത്സരത്തിൽ കോസ്റ്റാറിക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാർ തരിപ്പണമാക്കിയത്.

കഴിഞ്ഞദിവസം എൽ സാൽവദോറിനെയും 3-0ന് നീലക്കുപ്പായക്കാർ തകർത്തിരുന്നു. ഇടവേളക്കു പിരിയുമ്പോൾ ഒരു ഗോളിനു പിന്നിലുണ്ടായിരുന്ന അർജന്‍റീന, രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും നേടിയത്. എയ്ഞ്ചൽ ഡി മരിയ (52ാം മിനിറ്റിൽ), അലെക്സിസ് മക് അലിസ്റ്റർ (56ാം മിനിറ്റിൽ), ലൗട്ടാരോ മാർട്ടിനെസ് (77ാം മിനിറ്റിൽ) എന്നിവരാണ് അർജന്‍റീനക്കായി ലക്ഷ്യംകണ്ടത്. 34ാം മിനിറ്റിൽ മാൻഫ്രഡ് ഉഗാൾഡെയുടെ വകയായിരുന്നു കോസ്റ്റാറിക്കയുടെ ആശ്വാസ ഗോൾ.

സൂപ്പർതാരം ല‍യണൽ മെസ്സിയില്ലാതെയാണ് അർജന്‍റീന തുടർച്ചയായ രണ്ടാം സൗഹൃദ മത്സരത്തിനിറങ്ങിയത്. അവസരങ്ങൾ നിരവധി ലഭിച്ചിട്ടും ആദ്യം ലീഡെടുത്തത് കോസ്റ്റാറിക്കയാണ്. ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള താരത്തിന്‍റെ ഇടങ്കാൽ ഷോട്ടാണ് വലയിലെത്തിയത്. 1-0 എന്ന് സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ഡി മരിയയിലൂടെ അർജന്‍റീന സമനില പിടിച്ചു. ഫ്രീകിക്കിൽനിന്നായിരുന്നു താരത്തിന്‍റെ ഗോൾ.

താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് ഗോളിയെയും കീഴ്പ്പെടുത്തി പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. നാലു മിനിറ്റിനിടെ അർജന്‍റീന മത്സരത്തിൽ ലീഡെടുത്തു. ക്ലോസ് റേഞ്ച് ഹെഡറിലൂടെ മക് അലിസ്റ്ററാണ് ടീമിനെ മുന്നിലെത്തിച്ചത്. 77ാം മിനിറ്റിൽ മാർട്ടിനെസ് ടീമിന്‍റെ മൂന്നാം ഗോളും നേടി. ബോക്സിന്‍റെ വലതു വശത്തുനിന്നുള്ള താരത്തിന്‍റെ വലങ്കാൽ ഷോട്ടാണ് വലകുലുക്കിയത്.

മത്സരത്തിൽ 74 ശതമാനവും പന്ത് കൈവശം വെച്ചത് അർജന്‍റീനയായിരുന്നു. 23 ഷോട്ടുകളാണ് അർജന്‍റീന താരങ്ങൾ തൊടുത്തത്. കോസ്റ്റാറിക്കയുടെ കണക്കിൽ ഏഴെണ്ണം മാത്രം. ജൂലിയൻ അൽവാരസ്, ഗർണാച്ചോ, എൻസോ ഫെർണാഡസ്, മൊളീന തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം പ്ലെയിങ് ഇലവനിൽ ഇടംനേടിയിരുന്നു.

Tags:    
News Summary - Argentina beat Costa Rica in friendly match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.