അബൂദബി: ഖത്തർ ലോകകപ്പിന് കച്ചമുറുക്കാൻ ലയണൽ മെസ്സിയുടെ അർജന്റീന അബൂദബിയിലേക്കെത്തുന്നു. നവംബർ 16ന് യു.എ.ഇ ദേശീയ ടീമുമായാണ് സൗഹൃദ മത്സരം. ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന മത്സരമായതിനാൽ മെസ്സി ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി.
ജനുവരിയിൽ ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി യു.എ.ഇ നാല് പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അർജന്റീനയുമായി ഏറ്റുമുട്ടുന്നത്. 19ന് കസാഖ്സ്താൻ, 23ന് പരാഗ്വേ, 27ന് വെനിസ്വേല എന്നിവരുമായാണ് യു.എ.ഇയുടെ മറ്റ് മത്സരങ്ങൾ.
നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. യു.എ.ഇയിലെ മത്സരശേഷം അർജന്റീനൻ സംഘം തൊട്ടടുത്ത ദിവസംതന്നെ ഖത്തറിലേക്ക് തിരിക്കും. ലോകകപ്പിന് പടയൊരുക്കുന്ന മെസ്സിയുടെ സംഘത്തിന്റെ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ. ലോകകപ്പ് യോഗ്യതക്കരികെ ഇടറി വീണ യു.എ.ഇ ടീമിന് അന്താരാഷ്ട്ര നിലവാരമുള്ള ടീമുമായി കളിക്കാൻ ലഭിക്കുന്ന അവസരം കൂടിയായിരിക്കും ഇത്. ക്ലബ് ലോകകപ്പിന് ആതിഥ്യമരുളിയ അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം അർജന്റീന-യു.എ.ഇ ആരാധകരാൽ നിറയുമെന്നുറപ്പ്. കേരളത്തിൽ നിന്നുള്ള അർജന്റീനൻ ആരാധകർ നിരവധിയുള്ള യു.എ.ഇയിൽ ഇരു ടീമുകൾക്കുമായി ആർപ്പുവിളിക്കാൻ കാണികൾ എത്തും. 27 ദിർഹം മുതൽ 5200 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ticketmaster.ae എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം.
അർജന്റീന ഫുട്ബാൾ അസോസിയേഷനും അബൂദബി സ്പോർട്സ് കൗൺസിലും കഴിഞ്ഞ ജൂണിൽ സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് അർജന്റീനൻ ടീമിന്റെ പരിശീലനവും സൗഹൃദ മത്സരങ്ങളും അബൂദബിയിൽ നടത്താൻ ധാരണയായിരുന്നു. ഈ കരാർ ഒപ്പുവെച്ചതിന്റെ ഫലമായാണ് അർജന്റീന ടീം എത്തുന്നത്. ലോകകപ്പിന്റെ പരിശീലനവും ഇവിടെ നടക്കാൻ സാധ്യതയുണ്ട്. അർജന്റീനയുടെ സൂപ്പർ കോപ്പ ഫൈനൽ മത്സരങ്ങൾ 2023 മുതൽ 26 വരെ തുടർച്ചയായ നാല് വർഷം അബൂദബിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.