ബേനസ്ഐറിസ്: കൊമ്പന്മാരെ കണ്ടാൽ മുട്ടുവിറക്കുന്ന പഴയ അർജന്‍റീനയല്ലിത്. മെസ്സിയെന്ന മാന്ത്രികന്‍റെ തോളിലേറി എതിരാളികൾക്കു മുന്നിൽ നെഞ്ചുവിരിച്ച് പടവെട്ടുന്ന അർജന്‍റീന. ഖത്തർ ലോകകപ്പ് ഫുട്ബാളിൽ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കരുത്തർ ഈ സംഘത്തെ എതിരാളികളായി കിട്ടരുതേയെന്ന് പ്രാർഥിക്കും തീർച്ച.
Argentina are still unbeaten in World Cup qualifying 💙 pic.twitter.com/1b8pD4Ilke
— B/R Football (@brfootball) November 13, 2021
ലോകകപ്പ് യോഗ്യത മത്സരത്തിൽ കഴിഞ്ഞ ദിവസം ഉറൂഗ്വാക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതോടെ തോൽവിയറിയാതെ ഈ സംഘം കുതിക്കുകയാണ്. തുടർച്ചയായി 26 മത്സരങ്ങളിലാണ് അർജന്‍റീന എതിരാളികൾക്കു പിടികൊടുക്കാതെ മുന്നേറുന്നത്. ലയണൽ സ്കലോണിയുടെ ഓരോ തന്ത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.2019 കോപ അമേരിക്ക സെമിയിൽ ബ്രസീലിനോട് 2-0ത്തിന് അടിപതറിയതാണ് അർജന്‍റീനയുടെ അവസാന തോൽവി. പിന്നീടങ്ങോട്ട് ഈ സംഘത്തെ ആർക്കും തോൽപിക്കാനായിട്ടില്ല.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ മുട്ട്കുത്തിച്ച് കിരീടം നേടി, തങ്ങളുടെ മഹിമ ലോകത്തെ അറിയിക്കുകയും ചെയ്തു. ടീമിന്‍റെ എക്കാലത്തെയും റെക്കോർഡ് കൂടിയാണ് ഈ കുതിപ്പ്.
തോൽവിയറിയാതെ കുതിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ വമ്പന്മാരോട് കളിക്കാത്തതിനാൽ ഈ ടീമിന്‍റെ 'ശരിക്കുമുള്ള വലുപ്പം' കൃത്യമായി പറയനാവില്ലെന്നാണ് ഫുട്ബാൾ നിരീക്ഷകർ പറയുന്നത്. തോൽവിയറിഞ്ഞിട്ടില്ലാത്ത ഈ 26 മത്സരങ്ങളിൽ ഒരോയൊരു യൂറോപ്യൻ ടീമിനോടാണ് അർജന്‍റീന കളിച്ചത്. 2019 ഒക്ടോബറിൽ ജർമനിക്കെതിെര. 2-2ന് ആ കളി സമനിലയിലാവുകയും ചെയ്തു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി വമ്പൻ ടീമുകൾ ഖത്തർ ലോകകപ്പിൽ എതിരാളികളായി ഗ്രൂപ് മത്സരങ്ങളിലും നോകൗട്ടിലും വരുേമ്പാൾ, അജന്‍റീനക്ക് പിടിച്ചു നിൽക്കാനാവുമോയെന്ന് കണ്ടറിയണം.
അടുത്ത ലോകകപ്പ് യോഗ്യത മത്സരം കരുത്തരായ ബ്രസീലിനെതിരെയാണ്. അർജന്‍റീനയുടെ ഈ കുതിപ്പിന് സാംബ നൃത്തച്ചുവടുകൾക്കു മുന്നിൽ അവസാനമാകുമോയെന്ന് കണ്ടറിയണം. 12 യോഗ്യത മത്സരങ്ങളിൽ ഇതുവരെ തോൽക്കാത്ത ടീമാണ് ബ്രസീലും അർജന്‍റീനയും.
also read....
മെസ്സിക്ക് വിശ്രമം നൽകി ജയംപിടിച്ച് അർജൻറീന
സാവോപോളോ: ഇടതു കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലായ സൂപ്പർതാരം മെസ്സിയില്ലാതിറങ്ങിയിട്ടും ഉറുഗ്വായ്ക്കെതിരെ ജയവുമായി അർജൻറീന. വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയയുടെ ബൂട്ടിൽനിന്ന് പിറന്ന ഏക ഗോളിന് വിജയിച്ചതോടെ ടീം ലോകകപ്പ് യോഗ്യതക്ക് ഏറെ അരികെയെത്തി. ലാറ്റിൻ അമേരിക്കയിൽനിന്ന് ബ്രസീൽ നേരത്തേ യോഗ്യത ഉറപ്പാക്കിയിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ പറന്നുചാടിയ ഉറുഗ്വായ് ഗോളി ഫെർനാൻഡോ മുസ്ലേരയെ കബളിപ്പിച്ച് ഡി മരിയ മനോഹരമായി പോസ്റ്റിെൻറ വലതുമൂലയിലേക്ക് ചെത്തിയിടുകയായിരുന്നു. തിരിച്ചടിക്കാൻ ലൂയി സുവാരസിെൻറ നേതൃത്വത്തിൽ നിരന്തര ശ്രമങ്ങളുമായി ഉറുഗ്വായ് ആക്രമണം കനപ്പിച്ചെങ്കിലും നിർഭാഗ്യം വില്ലനായി. നീലക്കുപ്പായത്തിൽ മെസ്സി വിട്ടുനിന്നപ്പോൾ മറുവശത്ത് എഡിൻഡൺ കവാനിയുൾപ്പെടെ നിരവധി പേർ പരിക്കുമായി വിട്ടുനിന്നത് ഉറുഗ്വായിയെ തളർത്തി.
12 മത്സരങ്ങളിൽ 28 പോയൻറുള്ള അർജൻറീന പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ലാറ്റിൻ അമേരിക്കയിൽനിന്ന് നാലു ടീമുകൾക്കാണ് യോഗ്യത. അഞ്ചാം സ്ഥാനക്കാർ േപ്ലഓഫിലെത്തും. ബ്രസീലിന് 34 പോയൻറുണ്ട്. എക്വഡോർ 20 പോയൻറുമായി മൂന്നാമതും ചിലി, കൊളംബിയ, ഉറുഗ്വായ് എന്നിവ 16 പോയൻറുമായി തൊട്ടുപിറകിലുമുണ്ട്. അടുത്ത ചൊവ്വാഴ്ച സാൻ യുവാനിൽ ബ്രസീലുമായാണ് അർജൻറീനക്ക് അടുത്ത മത്സരം. സെപ്റ്റംബറിൽ നടന്ന കളി കോവിഡ് ചട്ടലംഘനം കാണിച്ച് ഏഴു മിനിറ്റിനു ശേഷം നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.